Sorry, you need to enable JavaScript to visit this website.

സിദ്ദീഖ് കാപ്പനെ മോചിപ്പിക്കണം; നിവേദനവുമായി കെ.കെ രമ

തിരുവനന്തപുരം- യു.പി പോലീസ് അന്യായമായി തടവിലാക്കിയ മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ മോചിപ്പിക്കാനുള്ള നടപടി വേഗം കൂട്ടാനുള്ള പ്രയത്‌നം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് കെ.കെ രമ എം.എൽ.എയുടെ അഭ്യർത്ഥന. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തിനും പൊതുപ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയ്ക്കും ഒപ്പമാണ് പ്രതിപക്ഷ നേതാവിനെ കണ്ടത്. 
രമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

സംഘപരിവാർ ഭരണത്തിൻ കീഴിൽ സത്യസന്ധമായ മാധ്യമപ്രവർത്തനം എന്നത് ഇന്ത്യയിൽകൂടുതൽ അപകടകരമായ മേഖലയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് രമ ആരോപിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന, അവരുടെ അനീതിയും, അഴിമതിയും തുറന്നുകാട്ടുന്ന മാധ്യപ്രവർത്തകരെയും, മാധ്യമ സ്ഥാപനങ്ങളെയും ഒറ്റതിരിഞ്ഞു  ആക്രമിക്കുകയും, കള്ളക്കേസുകളും, കരിനിയമങ്ങളും ഉപയോഗിച്ച് നിശ്ശബ്ദരാക്കുകയും ചെയ്യുന്ന കാഴ്ച പതിവായിരിക്കുന്നു നമ്മുടെ ജനാധിപത്യ ഇന്ത്യയിൽ. ഇതിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് മലയാളിയായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ. കർഷകരുടെ ചോരകൊണ്ട് ചോരപ്പാടങ്ങൾ കൊയ്യുന്ന യുപിയിലെ യോഗി സർക്കാർ ഈ മാധ്യമ ജീവിതത്തെ ഇരുട്ടറയിൽ തള്ളിയിട്ടിട്ട് ഒരു വർഷം പൂർത്തിയായിരിക്കുന്നു. 
2020 സെപ്തംബർ 29 നു യുപിയിലെ ഥാക്കൂർ നരഭോജികൾ കൂട്ടബലാൽസംഗം ചെയ്തു കൊന്ന ദളിത് പെൺകുട്ടിയുടെ നീതിക്കായി നടന്ന പ്രക്ഷോഭങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ഹസ്രത്തിലേക്ക് പോകുന്നതിനിടയിലാണ് സിദ്ദിഖ് കാപ്പനെ യോഗി പോലീസ് അറസ്റ്റ് ചെയ്യുന്നത്.തുടർന്ന് യു.എ.പി.എ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ ചുമത്തി ഇദ്ദേഹത്തെ ജയിലിൽ തള്ളുകയായിരുന്നു.
കേരള പത്രപ്രവർത്തക യൂണിയൻ ദൽഹി യുണിറ്റ് സെക്രട്ടറികൂടിയായ കാപ്പനെ പുറത്തിറക്കാൻ മാധ്യമ സുഹൃത്തുക്കളും, അദ്ദേഹത്തിന്റെ ഭാര്യ റയ്ഹാനത്തും നടത്തുന്ന നിയമപോരാട്ടം അനന്തമായി നീളുകയാണ്.
ഈ പാശ്ചാത്തലത്തിലാണ് റൈഹാനത്തും, മകൻ മുസ്സമിലും,പൊതുപ്രവർത്തക ശ്രീജ നെയ്യാറ്റിൻകരയും ഇന്ന് നേരിൽ കാണാൻ വന്നത്. 
റൈഹാനത്തിന്റെ കണ്ണുകളിൽ ഉള്ള ഭയം, വേവലാതി, അതിലുപരി സ്വന്തം പാതിക്കുവേണ്ടി പോരാടുന്നുള്ള നിശ്ചയദാർഢ്യം മനസിലാക്കുവുന്നതേയുള്ളു. പക്ഷേ സിദ്ദിഖ് കാപ്പന്റെ മോചനം റെയ്ഹാനത്തിന്റെ വ്യക്തിപരമായ ആവശ്യമോ ആഗ്രഹമോ ആയാൽ പോര. 
ഇവരോടൊപ്പം പ്രതിപക്ഷ നേതാവിനെയും പ്രതിപക്ഷ ഉപനേതാവിനെയും നേരിൽ കണ്ടു. നീതിക്കായുള്ള പോരാട്ടത്തിന് ഒപ്പമുണ്ടാവുമെന്ന അവരുടെ ഉറപ്പ് ആ കുടുംബത്തിന് ചെറുതല്ലാത്ത ആശ്വാസമാവട്ടെ. രാഷ്ട്രീയ പോരാട്ടത്തോടൊപ്പം  നിയമപോരാട്ടവും ശക്തിപ്പെടുത്താനുള്ള സഹായങ്ങൾ ചെയ്യുമെന്നും പ്രതിപക്ഷ നേതാക്കൾ ഉറപ്പു നൽകി. എല്ലാവരുടെയും പ്രയത്‌നങ്ങൾ വേഗം സഫലമാവട്ടെ.
കെ.കെ രമ.

Latest News