മദീന അപകടം: ഡ്രൈവർക്ക് വധശിക്ഷ ലഭിക്കുമെന്ന് വിദഗ്ധൻ

മദീന - പത്തു ദിവസം മുമ്പ് മദീനയിൽ നാലു പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ലോറി ഡ്രൈവർക്ക് കോടതി വധശിക്ഷ വിധിക്കുമെന്നാണ് കരുതുന്നതെന്ന് നിയമ വിദഗ്ധൻ അബ്ദുറഹ്‌മാൻ അൽമുഹമ്മദി പറഞ്ഞു. മൂന്നു വർഷം മുമ്പ് സമാന രീതിയിൽ റിയാദിൽ അപകടമുണ്ടാക്കിയ ഡ്രൈവർക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. മദ്യലഹരിയിൽ ഡ്രൈവർ ഓടിച്ച വാഹനം കാറിൽ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറു പേർ മരണപ്പെട്ടിരുന്നു. ഈ കേസിൽ കുറ്റക്കാരനായ ഡ്രൈവർക്ക് കോടതി പിന്നീട് വധശിക്ഷ വിധിക്കുകയായിരുന്നു. 
മദീനയിൽ അപകടമുണ്ടാക്കിയ ലോറി ഡ്രൈവറും സംഭവസമയത്ത് മദ്യലഹരിയിലായിരുന്നെന്ന് തെളിഞ്ഞിട്ടുണ്ട്. ലോറിയുടെ ലൈസൻസ് കാലാവധി അവസാനിക്കുകയും ചെയ്തിരുന്നു. മദീന അലി ബിൻ അബീതാലിബ് റോഡ് ഇന്റർസെക്ഷനിൽ സിഗ്നലിലിൽ നിർത്തിയിട്ട കാറുകളിൽ അമിത വേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. അപകടത്തിൽ നാലു പേർ മരണപ്പെടുകയും അഞ്ചു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 
മദ്യ, മയക്കുമരുന്ന് ലഹരിയിൽ വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളിൽ മരണമോ അംഗവൈകല്യമോ സംഭവിക്കുന്ന കേസുകളിൽ കുറ്റക്കാരായ ഡ്രൈവർമാർക്ക് ഗതാഗത നിയമം അനുസരിച്ച് നാലു വർഷം തടവും രണ്ടു ലക്ഷം റിയാൽ പിഴയും ശിക്ഷ ലഭിക്കും. നിയമാനുസൃത ദിയാധനം ആവശ്യപ്പെടാൻ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അവകാശവുമുണ്ട്.
 

Latest News