ജിസാൻ - വിദേശത്തു നിന്ന് കടത്തിയ മാനുകളും കാട്ടാടുകളുമായി മുപ്പതു വയസുകാരനായ യെമനി യുവാവിനെ അറസ്റ്റ് ചെയ്തതായി ജിസാൻ പോലീസ് വക്താവ് മേജർ നായിഫ് ഹികമി പറഞ്ഞു. ജിസാൻ പ്രവിശ്യയിൽ പെട്ട അൽദായിറിൽ വെച്ചാണ് യെമനി സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. രണ്ടു ഡസനോളം മാനുകളെയും കാട്ടാടുകളെയും ലോറിയിൽ കടത്തുന്നതിനിടെയാണ് യെമനി കുടുങ്ങിയത്.
മാനുകളെയും കാട്ടാടുകളെയും പിന്നീട് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. യെമനിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണ്. പരിസ്ഥിതിക്കെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് ജിസാൻ പോലീസ് വക്താവ് ആവശ്യപ്പെട്ടു.