ലഖിംപൂരില്‍ പാര്‍ട്ടിയെ വെട്ടിലാക്കിയ വരുണ്‍ ഗാന്ധിയെ ബിജെപി ദേശീയ സമിതിയില്‍ നിന്ന് പുറത്താക്കി

ന്യൂദല്‍ഹി- ലഖിംപൂരില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകരെ കാറിടിച്ച് കൊന്നതിനെതിരെ ശക്തമായി രംഗത്തുള്ള ബിജെപി എംപി വരുണ്‍ ഗാന്ധിയേയും അമ്മ മനേക ഗാന്ധിയേയും ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് പുറത്താക്കി. കര്‍ഷക സമരവും സംഘര്‍ഷവും നടന്ന ലഖിംപൂര്‍ ഖേരിക്കടുത്തുള്ള പിലിഭിത്ത് എംപിയാണ് വരുണ്‍. മനേക സുല്‍ത്താന്‍പൂര്‍ എംപിയും. 

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ ഈയിടെ വരുണ്‍ ഗാന്ധി രംഗത്തു വന്നിരുന്നു. ലഖിംപൂര്‍ സംഭവം നടന്നതു മുതല്‍ ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്ന നിലപാടുമായി കര്‍ഷകരെ പിന്തുണച്ച് വരുണ്‍ രംഗത്തുണ്ട്. കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ജീപ്പ് ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങളുള്ള വ്യക്തമായ വിഡിയോകള്‍ ട്വീറ്റ് ചെയ്തും വരുണ്‍ ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. പ്രതികള്‍ക്കെതിരെ നടപടി വേണമെന്നും വരുണ്‍ ആവശ്യപ്പെട്ടിരുന്നു.

Latest News