Sorry, you need to enable JavaScript to visit this website.

ലോക്ഡൗണില്‍ കോളടിച്ചത് സര്‍ക്കാര്‍; പിഴ ഇനത്തില്‍  പിഴിഞ്ഞെടുത്തത് 116 കോടി രൂപ

തിരുവനന്തപുരം- കോവിഡ് വ്യാപനം മൂലം ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ജനം പൊറുതി മുട്ടിയെങ്കിലും സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത് കോടികളാണ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിന്നായി ലോക്ക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ പിഴ ഈടാക്കിയത് 116.5 കോടിയാണ്. എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പിഴ സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത്. 22 കോടി. തിരുവനന്തപുരത്തുനിന്നും14 കോടിയും മലപ്പുറത്തുനിന്നും 13 കോടിയും പിഴ ഇനത്തില്‍ പോലീസ് ജനങ്ങളില്‍ നിന്ന് പിരിച്ചെടുത്തു.ലോക്ക്ഡൗണ്‍ ലംഘനം ഇടുക്കി ജില്ലയിലാണ് ഏറ്റവും കുറവ് ഉണ്ടായത്. പിഴ ഇനത്തില്‍ പോലീസ് പിരിച്ചത് 2 കോടി 85 ലക്ഷം മാത്രം.നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പോലീസ് പിഴ ഈടാക്കിയതിന്റെ കണക്കുകള്‍ വ്യക്തമാക്കിയത്. എന്നാല്‍ പിഴ ഈടാക്കിയ കാലയളവ് സംബന്ധിച്ച് മറുപടിയില്‍ പരാമര്‍ശിക്കുന്നില്ല. മെയ് എട്ടിനാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

മറ്റ് ജില്ലകളിലെ കണക്കിങ്ങനെ..

ജില്ലകളില്‍ നിന്ന് പിരിച്ച തുക (കോടിയില്‍)

തിരുവനന്തപുരം 14,24,43,500
കൊല്ലം 9,48,00,600
പത്തനംതിട്ട 4,01,55,200
ആലപ്പുഴ 4,84,57,000
കോട്ടയം 7,02,54,500
ഇടുക്കി 2,85,78,400
എറണാകുളം 22,41,59,800
തൃശ്ശൂര്‍ 8,09,80,000
പാലക്കാട് 5,99,62,400
മലപ്പുറം 13,90,21,500
കോഴിക്കോട് 8,13,05,600
വയനാട് 3,51,41,500
കണ്ണൂര്‍ 7,23,84,100
കാസര്‍കോഡ് 4,81,50,500

സംസ്ഥാനത്താകെ ലോക്ക്ഡൗണ്‍ ലംഘനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത് 6,11,856 കേസുകളാണ്. പിഴ ഈടാക്കിയത് ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍ നിന്നാണെങ്കിലും ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 186790 കേസുകള്‍. എറണാകുളത്ത് 73918 ഉം, കൊല്ലത്ത് 57680 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ലോക്ക്ഡൗണ്‍ ദിനങ്ങളിലെ പോലീസ് ഇടപെടല്‍ ഏറെ വിവാദമായിരുന്നു. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് പോലും വീടുകളില്‍ നിന്ന് പുറത്തിറങ്ങിയവരില്‍ നിന്ന് പിഴ ഈടാക്കി. ലോക്ക് ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിന് ശേഷവും പോലീസ് പിഴ ഈടാക്കല്‍ തുടര്‍ന്നു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പോലീസ് നടപടിയെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടി.

Latest News