നാടു നന്നാക്കാന്‍ നാട്ടുരാജാക്കന്മാരുടെ ദേശീയ സമ്മേളനം കോഴിക്കോട്ട്; പുതിയ നീക്കവുമായി രാജകുടുംബം

കോഴിക്കോട്- ജനാധിപത്യ ഭരണത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ഇന്ത്യയിലെ നാട്ടുരാജാക്കന്മാരുടെ പിന്മുറക്കാരെ എല്ലാം വിളിച്ചു ചേര്‍ത്ത് സമ്മേളനം നടത്താന്‍ ഒരുങ്ങുകയാണ് പഴശ്ശിരാജയുടെ കുടുംബാംഗങ്ങളായ കോഴിക്കോട്ടെ വീര പഴശ്ശിരാജ ഫൗണ്ടേഷന്‍. ഇന്ത്യയിലുണ്ടായിരുന്ന 541 നാട്ടുരാജ്യങ്ങള്‍ ഭരിച്ചിരുന്ന നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങളില്‍ നിന്ന് പ്രതിനിധികളെ പങ്കെടുപ്പിച്ച് അടുത്ത വര്‍ഷം ആദ്യത്തോടെ സമ്മേളനം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും തീയതി നിശ്ചയിട്ടില്ലെന്നും വീര പഴശ്ശിരാജ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. പി പി പ്രമോദ് കുമാര്‍ പറഞ്ഞു. 

കേരളത്തില്‍ നിന്നു മാത്രം 18 നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങളുണ്ട്. പഴയ കാല നാട്ടുരാജാക്കന്മാര്‍ ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് ബോധവല്‍ക്കരണം നടത്താനും ഇവ ഉള്‍ക്കൊള്ളാന്‍ ജനാധിപത്യ സംവിധാനത്തെ പ്രേരിപ്പിക്കുകയുമാണ് ഈ സമ്മേളനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു. രാജഭരണത്തിലേക്ക് തിരിച്ചു പോകണമെന്ന ആവശ്യം ഉന്നയിച്ചുള്ളതല്ല ഈ പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി.

ജനാധിപത്യത്തിന്റേയും രാജവാഴ്ചയുടേയും നല്ല വശങ്ങളും മോശം വശങ്ങളും ചര്‍ച്ച ചെയ്യുന്ന സെമിനാറുകളും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.  രാജാക്കന്മാര്‍ കൊണ്ടു വന്ന വികസനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജനാധിപത്യ ഭരണകൂടങ്ങളുടെ പങ്ക് വളരെ ചെറുതാണെന്നും വീര പഴശ്ശിരാജ ഫൗണ്ടേഷന്‍ പറയുന്നു.
 

Latest News