Sorry, you need to enable JavaScript to visit this website.
Tuesday , May   30, 2023
Tuesday , May   30, 2023

അശ്ലീല വിഡിയോകള്‍ അടങ്ങിയ തൊണ്ടിമുതല്‍  കാണാതായി,  പോലീസ് അങ്കലാപ്പില്‍ 

കൊല്ലം- പി ഹണ്ട് വേട്ടയുടെ ഭാഗമായി പിടിച്ചെടുത്ത തൊണ്ടി മുതല്‍ കാണാതായതിനെ തുടര്‍ന്ന് പരക്കംപാഞ്ഞ് പോലീസ്. അശ്ലീല വീഡിയോകള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ ആണ് പോലീസ് സ്‌റ്റേഷനില്‍നിന്നു കോടതിയില്‍ എത്തിയപ്പോള്‍ അപ്രത്യക്ഷമായത്. കുട്ടികളുടെ അടക്കമുള്ള വിഡിയോകള്‍ ഉണ്ടായിരുന്ന ഫോണ്‍ തൊണ്ടിമുതലായി പോലീസ് പിടിച്ചെടുത്തിരുന്നാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്.
കൊല്ലം ജില്ലയിലെ തെക്കേ അറ്റത്തുള്ള കടലോര നഗരത്തിലെ ഒരു ജനമൈത്രി പോലീസ് സ്‌റ്റേഷനിലാണ് സംഭവം. പി ഹണ്ട് വേട്ടയുടെ ഭാഗമായി ഇവിടെ ഒരു യുവാവിനെ പോലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. കുട്ടികളുടെ അടക്കം അശ്ലീല വീഡിയോകളും ചിത്രങ്ങളും കൂട്ടുകാര്‍ക്കു കൂടി ഇയാള്‍ ഷെയര്‍ ചെയ്യുമായിരുന്നു. പി ഹണ്ട് വേട്ടയുടെ ഭാഗമായി സൈബര്‍ സെല്‍ ഇയാളുടെ നമ്പര്‍ കണ്ടെത്തി. ജനമൈത്രി പോലിസിനോടു നടപടി എടുക്കാന്‍ ആവശ്യപ്പെട്ടു. ഉടന്‍ തന്നെ പോലീസ് യുവാവിനെ കണ്ടെത്തി, ഫോണ്‍ പിടിച്ചെടുത്തു. കേസെടുക്കാനുള്ള പ്രാരംഭ നടപടികളും തുടങ്ങി. തെളിവായ ഫോണ്‍ സൂക്ഷിക്കാന്‍ വനിതാ സിവില്‍ പോലീസ് ഓഫീസറെ ഏല്പിക്കുകയും ചെയ്തു.
പ്രാഥമിക വിവര റിപ്പോര്‍ട്ടിനൊപ്പം തെളിവായി പിടിച്ചെടുത്ത ഫോണും കോടതിയിലെത്തിച്ചപ്പോഴാണ് മറിമായം സഹപ്രവര്‍ത്തകര്‍ പോലുമറിയുന്നത് .പിടിച്ചെടുത്ത ഫോണിനു പകരം മറ്റൊരു ഫോണ്‍. സൗമ്യനും വളരെ മാന്യനുമായ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഞെട്ടി. കിട്ടിയ അവസരം പാഴാക്കാതെ സ്‌പെഷല്‍ ബ്രാഞ്ച് സംഭവം കൈയോടെ മുകളിലേക്കു റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ച വനിതാ ഉദ്യോഗസ്ഥയെ സ്വാധീനിച്ചു മാറ്റിയതാണോ അതോ സഹ പ്രവര്‍ത്തകര്‍ അടിച്ചുമാറ്റി പകരം മറ്റൊന്ന് വച്ചതാണോ അതോ പ്രതിയെ ശിക്ഷയില്‍നിന്നു രക്ഷപ്പെടുത്താന്‍ പണം വാങ്ങി ഫോണ്‍ മാറ്റിയതാണോ ഉത്തരം തേടി അന്വേഷണത്തിനു തുടക്കമായിട്ടുണ്ട്. സംഭവം പുറത്തായതോടെ ആകെ വലഞ്ഞിരിക്കുകയാണ് ജനമൈത്രി പോലീസ് സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍.
 

Latest News