Sorry, you need to enable JavaScript to visit this website.

ജിദ്ദ കോണ്‍സുലേറ്റില്‍ ഇന്ത്യന്‍ രുചി വൈവിധ്യങ്ങളുടെ പ്രദര്‍ശനം ഒക്ടോ.15 ന്

ജിദ്ദ- ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം 'ഫ്‌ളവേര്‍സ് ഓഫ് ഇന്ത്യ' എന്ന പേരില്‍ ഇന്ത്യയുടെ രുചി വൈവിധ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ ഈ മാസം 15 നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായാണ് ജിദ്ദ ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുകള്‍ ഒരു കുടക്കീഴില്‍ സമ്മേളിപ്പിക്കുന്നത്. കോണ്‍സുലേറ്റ് അങ്കണത്തില്‍ നടക്കുന്ന പരിപാടിയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളും പാചക വിദഗ്ധരും പങ്കെടുക്കും. വൈകീട്ട് അഞ്ച് മുതല്‍ രാത്രി ഏഴ് മണി വരെയായിരിക്കും രുചിക്കൂട്ടുകളുടെ പ്രദര്‍ശനം ഉണ്ടായിരിക്കുക. കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം മുഖ്യാതിഥിയാകും. സൗദി വെസ്റ്റേണ്‍ റീജിയണിലെ സാമൂഹിക, സാംസ്‌കാരിക, വ്യവസായിക, മാധ്യമ രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പരിപാടിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക.
വിശിഷ്ടമായ ഭക്ഷണ സ്റ്റാളുകള്‍ക്ക് പുറമെ ഇന്ത്യയിലെ വിവിധ തരത്തിലുള്ള ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കുമെന്ന് ജിദ്ദ ഇന്ത്യന്‍ ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളായ ഫയാസ് അഹമ്മദ് ചെന്നൈ, ഇഖ്ബാല്‍ ചെമ്പന്‍ എന്നിവര്‍ അറിയിച്ചു.

 

 

Latest News