രാജസ്ഥാനിലെ തോൽവി: ബി.ജെ.പിയെ  പരിഹസിച്ച് പാർട്ടി എം.പി ശത്രുഘ്‌നൻ സിൻഹ

ന്യൂദൽഹി- പാർട്ടിയെ നിരന്തരം വിമർശിക്കുന്ന ബി.ജെ.പി എം.പി ശത്രുഘ്‌നൻ സിൻഹ രാജസ്ഥാനിലെ ബി.ജെ.പിയുടെ ഉപതെരഞ്ഞെടുപ്പ് പരാജയത്തെ പരിഹസിച്ച് രംഗത്തെത്തി. 'ബജറ്റ് ചർച്ചകളുടെ ബഹളങ്ങളെല്ലാം അവസാനിക്കുമ്പോൾ വാഗ്്ദാനങ്ങളെല്ലാം ഒരിക്കലും നടപ്പിലാകാത്ത സ്വപ്‌നങ്ങളാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് തുടങ്ങും. സാധാരണക്കാരൻ വ്യക്തമായി സംസാരിച്ചു തുടങ്ങി എന്നതിന്റെ തെളിവാണ് രാജസ്ഥാൻ,' അദ്ദേഹം ട്വീറ്റ് ചെയ്തു. രൂക്ഷമായ പരിഹാസം നിറഞ്ഞതായിരുന്നു കഴിഞ്ഞ ദിവസത്തെ സിൻഹയുടെ ട്വീറ്റ്.

തന്നോടുള്ള ബി.ജെ.പിയുടെ സമീപനം വളർത്തു മകനോടെന്ന പോലെയാണെന്നും ശ്വാസംമുട്ടിയാണ് പാർട്ടിയിൽ നിൽക്കുന്നതെന്നും വെള്ളിയാഴ്ച സിൻഹ തുറന്നടിച്ചിരുന്നു. ബിഹാറിലെ പട്‌ന സാഹിബ് മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് പ്രമുഖ നടൻ കൂടിയായ സിൻഹ. 

'ഭരണകക്ഷിക്കേറ്റ ദുരന്തപൂർണമായ തെരഞ്ഞെടുപ്പു ഫലത്തോടെ രാജസ്ഥാൻ ബി.ജെ.പിയെ മുത്തലാഖ് ചൊല്ലി. അജ്മീർ: ത്വലാഖ്, ആൽവർ: ത്വലാഖ്, മണ്ഡൽഗഢ്: ത്വലാഖ്. പാർട്ടിയെ ഞെട്ടിപ്പിച്ചു കൊണ്ടാണ് നമ്മുടെ എതിരാളികൾ റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിക്കുന്നത്,'  ഇതായിരുന്നു സിൻഹയുടെ ട്വീറ്റ്. ബി.ജെ.പിയിലെ മറ്റൊരു വിമത സ്വരമായ മുതിർന്ന നേതാവ് യശ്വന്ത്് സിൻഹ രൂപം നൽകിയ രാഷ്ട്രീയ സംഘടനയായ രാഷ്ട്ര മഞ്ചിൽ ഈയിടെ ശത്രുഘ്‌നൻ സിൻഹയും ചേർന്നിരുന്നു. 

സിൻഹയുടെ പരിഹാസത്തോട് പ്രതികരിച്ച ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുൽ സുപ്രിയോ സിൻഹയോട് ബി.ജെ.പിയെ മുത്തലാഖ് ചൊല്ലി പുറത്തു പോകാൻ ആവശ്യപ്പെട്ടു. ഇത്ര ബുദ്ധിമുട്ടി പാർട്ടിയിൽ നിൽക്കേണ്ടതില്ലെന്നും ബി.ജെ.പി വിടുന്നതാണ് നല്ലതെന്നും അദ്ദേഹം പ്രതികരിച്ചു.
 

Latest News