Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടോൾ പ്ലാസ കടന്നുപോയത് ഒരു തവണ; ഫാസ്ടാഗ് ടോൾ ഈടാക്കിയത് അഞ്ചു വട്ടം, അക്കൗണ്ട് കാലിയായി

തൃശൂർ - ഒരുതവണ പാലിയേക്കര ടോൾപ്ലാസ കടന്നുപോയ വാഹനത്തിന്റെ ഫാസ്ടാഗിൽ നിന്ന് ഒരുതവണയ്ക്കു പകരം അഞ്ചു തവണ ടോൾ നിരക്ക് ഈടാക്കിയതായി പരാതി. കോടാലി സ്വദേശി അന്തിക്കാട്ടിൽ എ.എസ്. സൂരജിന്റെ ടോറസ് ലോറി കടന്നുപോയപ്പോഴാണ് ഫാസ്ടാഗിൽ നിന്നും അഞ്ചു തവണ തുടർച്ചയായി 445 രൂപ വീതം ഈടാക്കിയത്. 
തിങ്കളാഴ്ചയായിരുന്നു സംഭവം. പിന്നീട് ലോറി കടന്നുപോകുമ്പോൾ പണം ഇല്ലെന്ന് പറഞ്ഞ് വാഹനം തടഞ്ഞപ്പോഴാണ് സൂരജ് ഫാസ്ടാഗ് സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ചത്. ഒരേദിവസം ഒരേ സമയം ഒരു ട്രാക്കിലൂടെ അഞ്ചു തവണ കടന്നുപോയെന്നാണ് സ്‌റ്റേറ്റ്‌മെന്റിൽ കാണിക്കുന്നത്. 
കഴിഞ്ഞ മാസം രണ്ടു തവണയും ഇത്തരം പിഴവ് ഉണ്ടായിരുന്നതായി കാണിക്കുന്നുണ്ട്. ഒരു വട്ടം സഞ്ചരിച്ചപ്പോൾ 2 തവണ വീതമാണ് അന്ന് ടോൾ നിരക്ക് ഈടാക്കിയത്.  ഇത്തവണ ഫാസ്ടാഗ് അക്കൗണ്ടിൽ 1780 രൂപയുടെ കുറവ് വന്നപ്പോഴാണ് പരിശോധിച്ചതെന്നും തട്ടിപ്പ് മനസിലായതെന്നും പരാതിക്കാരനായ സൂരജ് പറഞ്ഞു. 
പണം നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ ടോൾ പ്ലാസയിൽ പരാതിയുമായെത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ലെന്നും സൂരജ് പറഞ്ഞു. പ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥനെ കൂട്ടി വീണ്ടും സംസാരിച്ചെങ്കിലും ഫാസ്ടാഗുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങളെ കുറിച്ച് തങ്ങൾക്കറിയില്ലെന്നാണ് ഓഫിസിലുള്ളവർ അറിയിച്ചതെന്നും സൂരജ് പറയുന്നു. ഇതോടെ പുതുക്കാട് പോലീസിൽ പരാതി നൽകി. വിഷയത്തിൽ നീതി ലഭിക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു. മൾട്ടി ആക്‌സിൽ വാഹനം ഉൾപ്പെടെ 2 വാഹനങ്ങൾക്ക് ഫാസ്ടാഗ് വാലറ്റിൽ 1800 രൂപ വേണമെന്ന് ടോൾപ്ലാസ അധികൃതർ പറയുമ്പോൾ ബാങ്കിന്റെ വാലറ്റിൽ 700 രൂപ മതിയെന്നാണ് കാണിക്കുന്നത്. 1800 രൂപയിൽ നിന്നും ചെറിയ തുക കുറഞ്ഞാലും മിനിമം ബാലൻസില്ല എന്നപേരിൽ വാഹനം തടഞ്ഞിട്ട് ഇരട്ടിതുക പണമായി ഈടാക്കുന്നതായും സൂരജ് പരാതിപ്പെട്ടു. എന്നാൽ, ഒരുതവണ കടന്നുപോകാൻ 5 തവണ ടോൾ ഈടാക്കിയെന്ന പരാതി രേഖകൾ  പരിശോധിച്ചശേഷം മാത്രമേ പ്രതികരിക്കാനാകൂവെന്ന് ടോൾ കമ്പനി അധികൃതർ അറിയിച്ചു.
 

Latest News