ന്യൂദൽഹി- സ്വദേശ സംസ്്ഥാനങ്ങളിൽ മാത്രമേ ജോലി ചെയ്യൂ എന്ന് ഐ.എ.എസ് ഉദ്യോഗസ്ഥർ വാശി പിടിക്കരുതെന്ന് സുപ്രീം കോടതി. മലയാളി ഐ.എ.എസ് ഉദ്യോഗസ്ഥ എ. ഷൈന മോളെ ഹിമാചൽ പ്രദേശ് കേഡറിൽ നിന്ന് കേരള കേഡറിലേക്ക് മറ്റിയ ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.
ഐ.എ.എസ് ഉദ്യോഗസ്ഥർ വളഞ്ഞ വഴികളിലൂടെ സ്വന്തം സംസ്ഥാനത്തേക്ക് കടക്കാനുള്ള നീക്കം ശരിയല്ല. അതേസമയം കേരളത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ കടുത്ത ക്ഷാമം ഉണ്ടെന്ന വാദവും സുപ്രീംകോടതി തള്ളി. കേരളത്തിൽ മാത്രമല്ല മിക്ക സംസ്ഥാനങ്ങളിലും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.
ഷൈനമോൾ തന്റെ സർവീസ് കാലയളവിൽ നാല് വർഷം ഒഴികെ 2007 മുതൽ കൂടുതലും കേരളത്തിൽ തന്നെയാണ് ജോലി ചെയ്തിട്ടുള്ളത്. 2018ൽ ജസ്റ്റീസ് കുര്യൻ ജോസഫിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് കേരളത്തിലെ ഡെപ്യൂട്ടേഷൻ 2021 വരെ നീട്ടി. ഈ കാലാവധി അവസാനിക്കാനിരിക്കേയാണ് കേന്ദ്ര സർക്കാരിന്റെ ഹർജിയിൽ സുപ്രീംകോടതി വാദം കേട്ടത്. കേസിൽ വിധി പറയുന്നത് സുപ്രീംകോടതി മാറ്റി വെച്ചിരിക്കുകയാണ്. ഷൈന മോളെ സംസ്ഥാന കേഡറിലേക്ക് മാറ്റുന്നതിൽ എതിർപ്പില്ലെന്നാണ് കേരളത്തിന്റെ നിലപാട്.






