മുസ്‌ലിം ഐക്യസംഘത്തിന് നൂറു വയസ്സ്

കേരളത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന്റെ ആദ്യ രൂപമായിരുന്ന മുസ്‌ലിം മജ്‌ലിസ് രൂപീകരണത്തിലും പിന്നീട് മുസ്‌ലിം ലീഗ് രൂപീകരണത്തിലും പങ്കെടുക്കുകയും പ്രവർത്തിക്കുകയും ചെയ്ത നായകർക്ക് അതിനുള്ള പശ്ചാത്തലം ഒരുക്കിയതും അവരെ വളർത്തിയതും  കേരള മുസ്‌ലിം ഐക്യസംഘം എന്ന മഹത്തുറ്റ പ്രസ്ഥാനമായിരുന്നു. 1921 ലെ  കലാപ കലുഷിത അന്തരീക്ഷത്തിൽ നിന്നും സമാധാനവും വിദ്യയും പകർന്നു നൽകി സമൂഹത്തിന് ദിശ കാണിക്കാൻ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു തുടങ്ങിയ ആ മഹാസംഘത്തിന് സാധിച്ചു. സമുദായം ഐക്യപ്പെടുക, വിദ്യാഭ്യാസം നേടുക എന്നതോടൊപ്പം രാഷ്ട്രീയമായി സംഘടിച്ചവരാവുക എന്ന നയത്തിലേക്ക് കേരളത്തിലെ മുസ്‌ലിം സമുദായത്തെ എത്തിച്ചത് കേരള മുസ്‌ലിം ഐക്യസംഘമായിരുന്നു. 
കേരളത്തിൽ ഇസ്‌ലാം ഉദയം ചെയ്ത മുസിരിസിൽ നിന്ന് (കൊടുങ്ങല്ലൂർ) തന്നെയാണ് ഐക്യസംഘവും തുടങ്ങുന്നത്. വക്കം അബ്ദുൽ ഖാദർ മൗലവി എന്ന കേരളത്തിലെ എക്കാലത്തെയും പ്രഗത്ഭ വ്യക്തിത്വമായിരുന്നു ഐക്യസംഘത്തിന്റെ പ്രഥമ വാർഷിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്. അധ്യക്ഷനാണ് പരിപാടിയുടെ മുഖ്യ ആകർഷണം അക്കാലത്ത്. 
കേരളത്തിലെ ഒട്ടുമിക്ക സമുദായ നേതാക്കന്മാരെയും വളർത്തിയെടുക്കുകയും കേരളത്തിൽ മുസ്‌ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ കാര്യവാഹകനായി മാറുകയും ചെയ്തിരുന്ന മഹാനായിരുന്ന കെ.എം. മൗലവി തന്നെയായിരുന്നു ഈ സംഘത്തെ മുന്നിൽ നയിച്ചിരുന്നത്. മലബാർ മുസ്‌ലിംകളുടെ ഇതിഹാസ പുരുഷനായിരുന്ന ആലി മുസ്‌ലിയാരുടെ അരുമ ശിഷ്യനായിരുന്ന മൗലവി ഒരു ചരിത്ര നിയോഗം പോലെയാണ് തിരൂരങ്ങാടിയിൽ നിന്നും ഇസ്ലാമിന്റെ കേരളത്തിലെ ആവിർഭാവ സ്ഥാനത്തേക്ക് നീങ്ങിയത്. 
സാമൂഹിക-വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയിരുന്ന മണപ്പാട്ട് കുഞ്ഞഹമ്മദാജി നാട്ടിലെ കക്ഷി തർക്കങ്ങൾ പരിഹരിക്കാനുള്ള നിഷ്പക്ഷ സംഘമെന്ന രീതിയിലാണ് തുടങ്ങിയത്. പിന്നീട് പണ്ഡിതനും പ്രഗത്ഭനുമായ ഹമദാനി തങ്ങൾ കൂടി ഇതിന്റെ മുന്നണിയിൽ ചേർന്നു.
സമുദായം  പിന്തിരിഞ്ഞുപോയ വിദ്യാഭ്യാസ രംഗത്തു തന്നെയായിരുന്നു ഐക്യസംഘം ശ്രദ്ധിച്ചുപോന്നത്. 
ആളുകളെ ബൗദ്ധിക വിദ്യാഭ്യാസത്തിലേക്ക് ക്ഷണിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കുകയും ചെയ്തു.  ഒട്ടനവധി വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുകയും സ്വന്തം ഭൂമിയിൽ തന്നെ നിരവധി സ്ഥാപനങ്ങൾ സമൂഹത്തിന് സമർപ്പിക്കുകയും ചെയ്ത മണപ്പാട്ട് തന്നെയാണ് മുസ്‌ലിം സമുദായത്തിന്റെ  വിദ്യാഭ്യാസ മുന്നേറ്റത്തിന് ശിലയിട്ടത്. കെ.എം. സീതി സാഹിബ് എന്ന എക്കാലത്തെയും മഹാനായി മാറിയ നേതാവിനെ സമുദായത്തിന് സംഭാവന ചെയ്യുന്നത് ഇതേ സമസ്യയിൽ നിന്നു തന്നെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കേരളത്തിന്റെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വിഹായസ്സിൽ അതുല്യ കാന്തിയോടെ കത്തിജ്വലിക്കാൻ കോട്ടപ്പുറത്ത് മുഹമ്മദ് സീതി എന്ന കെ.എം. സീതി സാഹിബിനു സാധിച്ചു. 
മുസ്‌ലിം ഐക്യസംഘത്തിന്റെ നവോത്ഥാന ശ്രമങ്ങൾ തുടങ്ങിയ കാലത്തു തന്നെ ബൗദ്ധിക വിദ്യാഭ്യാസവും സ്വാതന്ത്ര്യ സമരത്തിലെ ഇടപെടലും നടത്തി തികഞ്ഞ രാഷ്ട്രീയ ബോധവും വിദ്യാഭ്യാസവുമുളള നേതാവായി അദ്ദേഹം മാറിയിരുന്നു. തന്റെ ആത്മീയ ഗുരുവായ കെ.എം. മൗലവിയുമായുള്ള ഗാഢബന്ധവും അദ്ദേഹത്തിന്റെ ഉപദേശങ്ങളും സീതി സാഹിബിനെ മലബാറിലേക്ക് എത്തിച്ചു. മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഈറ്റില്ലവും പോറ്റില്ലവുമായി തലശ്ശേരി മാറുന്നത് അങ്ങനെയാണ്. 
വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളോടൊപ്പവും ദേശീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി സ്വാതന്ത്ര്യ സമരത്തോടൊപ്പവും ഐക്യ സംഘം നിലകൊണ്ടു. മുപ്പതുകളുടെ ആരംഭത്തോടെ സവർണ ദേശീയത എന്ന കാപട്യത്തെ തിരിച്ചറിയുകയും ജനാധിപത്യപരമായി സ്വയം സംഘടിക്കുകയാണ് മുസ്ലിംകളുടെ യഥാർഥ രക്ഷാമാർഗം എന്നുമുള്ള കെ.എം. മൗലവിയുടെ നിലപാടിലേക്ക് സീതി സാഹിബും കടന്നുവന്നു. 
സീതി സാഹിബ് ഇതിനകം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവായി മാറിക്കഴിഞ്ഞിരുന്നു. മറ്റിതര വിഭാഗങ്ങളോടുള്ള സൗഹൃദത്തിൽ യാതൊരു കോട്ടവും തട്ടാതെ തന്നെ അവർ മുന്നേറി. കൊടുങ്ങല്ലൂരിൽ നിന്നും പഠിച്ചെടുത്ത ഐക്യബോധവും സമുദായ സമുദ്ധാരണത്തിന്റെ താൽപര്യവും സർ സയ്യിദിന്റെയും മുഹമ്മദലി ജൗഹറിന്റെയും രാഷ്ട്രീയ ചിന്തകളും സമംചേർന്ന ദീർഘവീക്ഷണത്തോടെ ഈ പ്രസ്ഥാനം പ്രവർത്തിച്ചു തുടങ്ങി.
രാഷ്ട്രീയമായി സംഘടിക്കാൻ മുസ്‌ലിം മജ്‌ലിസ് രൂപീകരിക്കുകയും സർവേന്ത്യ മുസ്‌ലിം ലീഗിന്റെ ഭാഗമാവുകയും ചെയ്തു. പിന്നീട് രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാലമായിരുന്നു. ഒരേ സമയം വിദ്യാഭ്യാസവും സാമൂഹിക പരിവർത്തനങ്ങളും ഒപ്പം രാഷ്ട്രീയ അവബോധ പ്രവർത്തനങ്ങളും. നാൽപതുകളുടെ തുടക്കത്തിലെ ദുരിതം പിടിച്ച കോളറക്കാലത്ത് ആശ്വാസത്തിന്റെ മഹാഭവനമായി തിരൂരങ്ങാടി യതീംഖാന കെ.എം. മൗലവിയും എം.കെ. ഹാജിയും പടുത്തുയുയർത്തി, യതീംഖാനയുടെ നട്ടെല്ലായി സീതി സാഹിബ് നിലകൊണ്ടു. 
അപ്പോഴേക്കും പാർട്ടി ഒരു മഹാപ്രസ്ഥാനമായി മാറിക്കഴിഞ്ഞിരുന്നു. സീതി സാഹിബിന്റെ സമ്പർക്കങ്ങളും സ്വാധീനങ്ങളും യുഗപ്രഭാവരായ നേതാക്കളെ ലീഗ് നേതൃത്വത്തിലേക്ക് കൊണ്ടുവന്നു. അരീക്കോട്ടെ എൻ.വി. അബ്ദുസ്സലാം മൗലവി മുതൽ സമുദായ രാഷ്ട്രീയത്തിന്റെ അജയ്യമായ മുന്നേറ്റത്തിന് നേതൃത്വം കൊടുത്ത സമുദായ നായകൻ  സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ വരെയുള്ള നായകർ അവരുടെ കാലഘട്ടത്തിലെ സാമൂഹിക ഇടപടൽ കൊണ്ടു സമുദായത്തെ സമുദ്ധാരണത്തിന്റെ പാതയിലേക്ക് നയിച്ചു.
രാഷ്ട്രീയ ശാക്തീകരണത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ച കാലമായിരുന്നു പിന്നീടിങ്ങോട്ട്. ഇന്നും അത് അനുഭവിച്ചുപോരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നെയ്‌തെടുത്ത സ്വപ്‌നങ്ങൾ കൊയ്‌തെടുക്കുന്ന കാലങ്ങൾ കടന്നു വന്നുകൊണ്ടിരിക്കുന്നു.

Latest News