Sorry, you need to enable JavaScript to visit this website.

മോൻസൺ കേസിൽ ബഹ്‌റയെ  സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം- കോടികളുടെ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായുള്ള ബന്ധത്തിൽ മുൻ പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബഹ്‌റ എടുത്ത നടപടികൾ നിരത്തിയാണ് നിയമസഭയിൽ മുഖ്യമന്ത്രി ബഹ്‌റയെ ന്യായീകരിച്ചത്. മോൻസണുമായുള്ള പോലീസ് ബന്ധത്തെ കുറിച്ച് നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പി.ടി. തോമസ് ആണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. 
ലോക്‌നാഥ് ബഹ്‌റയുടെയും പോലീസിലെ ഉന്നതരുടെയും ബന്ധത്തെ കുറിച്ച് രൂക്ഷവിമർശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. എന്നാൽ പോലീസിനെയും ബഹ്‌റയെയും പൂർണമായും സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിക്കുകയായിരുന്നു. മോൻസൺ മാവുങ്കലിന്റെ അടുത്ത് ആരെല്ലാമാണ് ചികിത്സക്ക് പോയതെന്ന് പൊതുജനത്തിനറിയാമെന്ന് പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പേര് പറയാതെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിൽ പോയത് സുഖചികിത്സക്കല്ലെന്നും  മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. മോൻസണുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനത്തിന് അറിയാം. മോൻസന്റെ വീട്ടിൽ ആരൊക്കെ, ന്തിനൊക്കെയാണ് പോയതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ബഹ്‌റയെ സംരക്ഷിക്കുന്ന തെളിവുകളുമായാണ് പിണറായി സഭയിൽ ഉടനീളം സംസാരിച്ചത്. മോൻസനെതിരെ അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ബഹ്‌റയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോൻസന്റെ വീട് സന്ദർശിച്ച ശേഷം 2019 ജൂൺ 13 ന് മോൻസണെകുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിന് കത്ത് അയച്ചു. മോൻസൺ തട്ടിപ്പുകാരനാണെന്ന് 2019 നവംബറിൽ എ.ഡി.ജി.പി ഇന്റലിജൻസ് പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. 2019 ഡിസംബർ 21 ന് വിശദ റിപ്പോർട്ട് തേടി ഡി.ജി.പി വീണ്ടും എ.ഡി.ജിപി ഇന്റലിജൻസിന് കത്തു നൽകി. 2020 ജനുവരി ഒന്നിന് വിശദ റിപ്പോർട്ട് എ.ഡി.ജി.പി ഇന്റലിജൻസ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. ഇതിനു ശേഷം ഫെബ്രുവരി  അഞ്ചിന് ഡി.ജി.പി, ഇ.ഡിക്ക് അന്വേഷണത്തിന് വേണ്ടി കത്തു നൽകി. എന്നാൽ ഇ.ഡി അന്വേഷണത്തിലേക്ക് കടന്നിട്ടില്ല. ഇതെല്ലാം വ്യക്തമാക്കുന്നത് പോലീസ് വ്യക്തമായ അന്വേഷണം നടത്തിയെന്നാണ്- മുഖ്യമന്ത്രി പറഞ്ഞു.
മോൻസണുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ല. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് മോൻസന്റെ വീടിനു സംരക്ഷണം ഒരുക്കി എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനും മുഖ്യമന്ത്രി ഉരുണ്ടുകളിച്ചു. ഏതൊരു വ്യക്തിയും തന്റെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ ആ പ്രദേശത്ത് ഒരു പ്രത്യേക ശ്രദ്ധ പോലീസ് നൽകുക പതിവാണ്. പ്രത്യേകിച്ച് ഇത്തരം സംശയം ഉള്ള ഒരാളുടെ മേഖല ശ്രദ്ധയിൽവെക്കുന്നതും പോലീസ് നടപടിയാണ് എന്നായിരുന്നു മറുപടി. ഇന്റലിജൻസ് റിപ്പോർട്ട് കിട്ടി രണ്ടേകാൽ വർഷം പോലീസ് സുരക്ഷ ഒരുക്കിയ കാര്യം വീണ്ടും പ്രതിപക്ഷം ഉന്നയിച്ചപ്പോൾ സുരക്ഷ ഒരുക്കിയതിൽ വീഴ്ച ഉണ്ടെങ്കിൽ അതും അന്വേഷിക്കും എന്നായി മറുപടി. 
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ സംബന്ധിച്ച വ്യാജ ചെമ്പോലയെകുറിച്ച് അന്വേഷണം നടക്കുന്നതിനാൽ അത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞു. പോലീസിന്റെ അന്താരാഷ്ട്ര സൈബർ സെക്യൂരിറ്റി സമ്മേളനമായ കൊക്കൂണിലും  ലോക കേരള സഭയിലും പങ്കെടുത്ത ഇറ്റലിക്കാരിയായ മലയാളി യുവതിയുടെ കാര്യത്തിലും വ്യക്തമായ മറുപടി മുഖ്യമന്ത്രി നൽകിയില്ല.

Latest News