ശ്രീനഗർ- കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് പ്രമുഖ ശാസ്ത്രജ്ഞനും. മഖൻ ലാൽ ബിന്ദ്രൂവാണ് കൊല്ലപ്പെട്ട ശാസ്ത്രജ്ഞൻ. അറിയപ്പെടുന്ന വ്യാപാര പ്രമുഖൻ കൂടിയായ ഇദ്ദേഹം ബിന്ദ്രൂ മെഡിക്കേറ്റഡ് ഫാർമസിയുടെ ഉടമ കൂടിയാണ്. എഴുപതുകാരനായ ബിന്ദ്രൂ തന്റെ സ്ഥാപനത്തിലിരിക്കെ പോയിന്റ് ബ്ലാങ്കിലെത്തി വെടിവെക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന് പുറമെ, തെരുവിൽ പഴങ്ങൾ വിൽക്കുന്നയാളും കാബ് ഡ്രൈവറും കൊല്ലപ്പെട്ടു. ഭീകരാക്രമണത്തെ കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ശക്തായ ഭാഷയിൽ അപലപിച്ചു. ഏറ്റവും ദുഖം നൽകുന്ന വാർത്തയാണിതെന്നും ദയാലുവായ മനുഷ്യനായിരുന്നു അദ്ദേഹമെന്നും ഒമർ അബ്ദുല്ല ട്വീറ്റ് ചെയ്തു. ആക്രമണത്തെ ശക്തിയായി അപലപിക്കുന്നുവെന്നും ഒമർ അബ്ദുല്ല വ്യക്തമാക്കി.






