Sorry, you need to enable JavaScript to visit this website.
Monday , December   06, 2021
Monday , December   06, 2021

പാലക്കാട്ടെ പ്രണയതീരം

കരകവിഞ്ഞൊഴുകുന്ന ഇരുവഞ്ഞിപ്പുഴയിലേക്ക് മൊയ്തീൻ എടുത്തുചാടുന്നതും തോരാത്ത കണ്ണുമായി കാഞ്ചനമാല കടവിൽ കാത്തിരിക്കുന്നതും ഒരു നോവായി മലയാളസിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നീറിപ്പുകയുകയാണ്. മൊയ്തീന്റേയും കാഞ്ചനമാലയുടേയും അനശ്വരപ്രണയനിമിഷങ്ങൾക്ക് പശ്ചാത്തലമായ പഴയ കടവ് ഇന്ന് പ്രാേദശിക വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ഷൊർണൂർ നഗരത്തിൽനിന്ന് മൂന്നു കിലോമീറ്റർ അകലെയുള്ള മുണ്ടായയിലെ ഈ കൊച്ചു തുരുത്ത് കാണാനും പഴയ കടവിന്റെ പശ്ചാത്തലത്തിൽ സെൽഫിയെടുക്കാനും നിരവധി പേർ ഇവിടേക്ക് ഒഴുകിയെത്തുന്നു. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്ന അപൂർവ്വം സമയങ്ങളിലൊന്നാണിത്. ആർത്തലച്ച് ഒഴുകുന്ന പുഴയുടെ വന്യഭംഗിയാണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്.
എന്ന് നിന്റെ മൊയ്തീൻ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ ഭൂമികയായി ഭാരതപ്പുഴയിലെ മുണ്ടായക്കടവിനെ അടയാളപ്പെടുത്തുന്നത് നീതികേടാവും. മലയാളസിനിമയുടെ ഔട്ട്‌ഡോർ ഷൂട്ടിംഗ് കേന്ദ്രമായി വള്ളുവനാടിന്റ മണ്ണ് മാറുന്നതിന്റെ ഏറെ മുമ്പ് തന്നെ ഈ ദൃശ്യഭംഗി ചലച്ചിത്രപ്രവർത്തകരുടെ ശ്രദ്ധയിൽ പതിഞ്ഞിരുന്നു. അര നൂറ്റാണ്ട് മുമ്പ് മുമ്പാണ്. മലയാളസിനിമാ ചരിത്രത്തിൽ ഒരു നാഴികക്കല്ലായി മാറിയ എം.ടിയുടെ 'മുറപ്പെണ്ണ്' എന്ന ദൃശ്യകാവ്യം ഒരുങ്ങിയ കാലം. 'കടവത്ത് തോണിയടുത്തപ്പോൾ പെണ്ണിന്റെ കവിളത്ത് മഴവില്ലിൻ നിഴലാട്ടം' എന്ന് തുടങ്ങുന്ന അതിപ്രശസ്തമായ ഗാനം പി.ഭാസ്‌കരന്റെ തൂലികയിൽ നിന്ന് ഉതിർന്നു വീണു. ഭാരതപ്പുഴയുടെ മുക്കും മൂലയും നന്നായി അറിയുന്ന എം.ടി ആ പാട്ടിന് ദൃശ്യഭാഷ നൽകിയത് മുണ്ടായക്കടവിലാണ്. 


അതിനു ശേഷം അമ്പതോളം സിനിമകൾക്ക് മുണ്ടായയും പരിസരവും വേദിയായി. മലയാളത്തിലെ സർവ്വകാലഹിറ്റായി മാറിയ നരസിംഹം എന്ന സിനിമയിൽ വെള്ളത്തിനടിയിൽനിന്ന് ഉയർന്നു വരുന്ന മോഹൻലാലിന്റെ തിരനോട്ടം ചിത്രം കണ്ടവരാരും മറക്കാനിടയില്ല. അതിന്റെ ചിത്രീകരണവും ഭാരതപ്പുഴയിലെ മുണ്ടായക്കടവിലായിരുന്നു. ആറാം തമ്പുരാൻ, വെങ്കലം, കിളിച്ചുണ്ടൻ മാമ്പഴം, കമലദളം എന്നിങ്ങനെ നീണ്ടു പോകുന്നു മുണ്ടായക്കടവിന്റെ സിനിമാചരിത്രം. എം.ടിക്ക് പുറമേ പി.എൻ.മേനോൻ, ഭരതൻ, ലോഹിതദാസ്, ശോഭന പരമേശ്വരൻനായർ, വിൻസെന്റ് എന്നിങ്ങനെ നിരവധി പ്രശസ്തരുടെ കാലടി പതിഞ്ഞ പഴയ കടവ് നൊസ്റ്റാൾജിയ പകരുന്ന കാഴ്ചയായി മലയാളിയുടെ മനസ്സിൽ പതിയുന്നു. 
സിനിമാചരിത്രത്തിൽ മാത്രമല്ല മുണ്ടായക്കടവിന്റെ സ്ഥാനം. നവോത്ഥാനനായകൻ വി.ടി.ഭട്ടതിരിപ്പാട് ഈ കടവിലിരുന്നാണ് തീയാടിപ്പെൺകുട്ടിയിൽ നിന്ന് അക്ഷരജ്ഞാനത്തിന്റെ മഹത്വമറിഞ്ഞത്. തൊട്ടുള്ള മുണ്ടായ ക്ഷേത്രത്തിൽ ദീർഘകാലം ശാന്തിക്കാരനായിരുന്നു വി.ടി. അതുവഴി വന്ന ഒരു ബാലികയിൽ നിന്നാണ് അക്ഷരം പഠിക്കണമെന്ന തോന്നൽ തനിക്ക് ലഭിച്ചത് എന്ന് അദ്ദേഹം ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ആ ക്ഷേത്രത്തിന്റെ കടവായാണ് മുണ്ടായക്കടവ് അറിയപ്പെടുന്നത്. 
ഭാരതപ്പുഴയിലെ മുണ്ടായക്കടവിനെ വി.ടിയുടെ ഓർമ്മക്ക് സാംസ്‌കാരിക കേന്ദ്രമായി സംരക്ഷിക്കണമെന്ന നിർദ്ദേശം ഷൊർണൂർ നഗരസഭയുടെ പരിഗണനയിലുണ്ട്. അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു വരികയാണ്. സന്ദർശകരുടെ ഒഴുക്ക് കൂടി വരുന്ന സാഹചര്യത്തിൽ അവർക്ക് സൗകര്യമൊരുക്കാനും ആലോചനയുണ്ട്.
ആളുകളുടെ വരവ് സുരക്ഷാ പ്രശ്‌നങ്ങളുമുയർത്തുന്നു. മുണ്ടായ അമ്പലത്തിനു സമീപം ഭാരതപ്പുഴ ചെറുതായി കുത്തിത്തിരിയുന്നുണ്ട്. രണ്ടു പതിറ്റാണ്ടു മുമ്പു വരെ വലിയ രീതിയിൽ മണലെടുപ്പ് നടന്നിരുന്ന പ്രദേശമാണിത്. 
കുഴികളും പുൽക്കാടുകളും ചുഴികളായി അപകടം പതിയിരിക്കുന്നു. കടവ് കാണാനെത്തുന്നവരെ നിയന്ത്രിക്കുന്നതിനുള്ള ഒരു സംവിധാനവും നിലവിൽ ഇവിടെയില്ല. പുഴയിലിറങ്ങുന്നവരുടെ സുരക്ഷ അവനവൻ തന്നെ ഉറപ്പു വരുത്തണം.

Latest News