Sorry, you need to enable JavaScript to visit this website.
Monday , December   06, 2021
Monday , December   06, 2021

കരകൗശല വൈദഗ്ധ്യത്തിന്റെ വിസ്മയ കാഴ്ചകൾ

തുർക്കിയുടെ ചരിത്രപഥങ്ങളിലൂടെ ഭാഗം -3

വിജ്ഞാനവും വിനോദവും കോർത്തിണക്കിയ യാത്രയെന്നതായിരുന്നു ഞങ്ങളുടെ തുർക്കി യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത. ചരിത്രസ്മൃതികൾ കാതുകൂർപ്പിച്ച് കേട്ടും പഴയകാലത്തിന്റെ ധന്യമായ പാരമ്പര്യങ്ങൾ അയവിറക്കിയും ഇസ്തംബൂളിന്റെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ ആറ് നൂറ്റാണ്ട് നീണ്ട ഓട്ടോമൻ സാമ്രാജ്യത്തിന്റെ വീരകഥകൾ സന്ദർശകരെ കോൾമയിർ കൊള്ളിക്കും. കേബിൾ കാറും ക്രൂയിസ് ഡിന്നറും ബോട്ട് യാത്രയുമൊക്കെ യാത്രക്ക് വിനോദത്തിന്റെ മേമ്പൊടി ചേർത്തപ്പോൾ സിറ്റി ടൂറിലെ കാഴ്ചകൾ ചരിത്രപാഠങ്ങളിലേക്ക് മിഴി തുറക്കുന്നതായിരുന്നു.
ഇസ്തംബൂളിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകം ടോപ് കപ്പി പാലസ് തന്നെയാണെന്ന് നിസ്സംശയം പറയാം. ആറ്  നൂറ്റാണ്ട് കാലം മുപ്പതിലേറെ ഓട്ടോമൻ രാജാക്കന്മാർ ലോകത്തെ അടക്കി ഭരിച്ചതിന്റെ അടയാളങ്ങളാണ് ഈ കൊട്ടാരം സൂക്ഷിക്കുന്നത്. 1466 ന്റേയും 1478 ന്റേയുമിടയിൽ സുൽത്താൻ മുഹമ്മദ് രണ്ടാമനാണ് ഈ കൊട്ടാരസമുച്ഛയം പണിതതെന്നാണ് ചരിത്രം. ഏഴ് ലക്ഷം ചതുരശ്രമമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന വിശാലമായ ഒരു ലോകമാണിത്. വിദ്യാഭ്യാസം, സംസ്‌കാരം, രാഷ്ട്രീയം, പെതുഭരണം. സാമൂഹികം, പ്രജാക്ഷേമം, പാരമ്പര്യം എന്നിങ്ങനെ ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളുള്ള ഒരു കൊട്ടാരമാണിത്. പ്രവാചക തിരുശേഷിപ്പുകളടക്കം മൂന്ന് ലക്ഷത്തോളം സവിശേഷമായ ചരിത്രരേഖകളാണ് ഇവിടെയുള്ളത്. യൂറോപ്പിലെ ഏറ്റവും മികച്ച കൊട്ടാരമെന്ന പദവി ലഭിച്ച സ്മാരകമാണിത്. തുർക്കി റിപബ്ലിക്കായി ഒരു വർഷം കഴിഞ്ഞ് 1924 ഏപ്രിൽ 3 നാണ് ഈ കൊട്ടാരം മ്യൂസിയമായി പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തത്. തുർക്കി റിപബ്ലിക്കിലെ പ്രഥമ മ്യൂസിയവും ഇത് തന്നെയാണ്.


പൗരാണിക ഓട്ടോമൻ കരകൗശല വൈദഗ്ധ്യത്തിന്റെ വിസ്മയ കാഴ്ചകൾ എന്നതിലുപരി ലോകത്ത് സവിശേഷമായ ഭരണം കാഴ്ചവെച്ച തുർക്കി രാജാക്കന്മാരുടെ തിരുശേഷിപ്പുകളെന്ന നിലക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിനാളുകളേയാണ് ഈ കൊട്ടാരം ആകർഷിക്കുന്നത്.
മൂന്ന് പ്രധാന വാതിലുകളാണ് ഈ കൊട്ടാരത്തിലുള്ളത്. മൂന്ന് പ്രധാന ഗാർഡനുകളും ഇവിടെയുണ്ട്. ആദ്യ വാതിൽ ദീവാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. സുൽത്താന്റെ അംഗരക്ഷരുടെ രൂപവും വേഷവിധാനവുമൊക്കെയാണ് ഈ വാതിലിൽ സന്ദർശകരെ ആകർഷിക്കുക. രണ്ടാമത്തെ വാതിൽ ബാബുസ്സലാം എന്നും മൂന്നാമത്തെ വാതിൽ ബാബു സ്സാദ എന്നുമാണ് അറിയപ്പെടുന്നത്. ഓരോ ഗേറ്റും പ്രത്യേകം ആളുകൾക്ക് പ്രവേശനമനുവദിക്കുന്ന പ്രോട്ടോക്കോൾ സിസ്റ്റമുള്ളതാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വജ്രം, പതിനെട്ടാം നൂറ്റാണ്ടിലെ ഓട്ടോമൻ രാജാക്കന്മാരുടെ ഔപചാരികമായ സ്വർണ കിരീടം തുടങ്ങിയവയും ശ്രദ്ധേയമായ ചരിത്രശേഷിപ്പുകളാണ്.
കഅബയുടെ ആദ്യ കില്ല, കഅബയിൽ മഴവെള്ളം ഒലിച്ചുപോകുന്നതിനായി സ്ഥാപിച്ചിരുന്ന പാത്തി, ഹജറുൽ അസ്‌വദിന്റെ ആദ്യകാല കവർ, പ്രവാചകൻ മുഹമ്മദ് നബി (സ) ഉപയോഗിച്ച പതാക, നബിയുടെ വസ്ത്രം, കാൽപാദ മുദ്ര, നബിയുടെ വാൾ, ഖുർആൻ പരാമർശിച്ച മൂസ നബിയുടെ വടി, ദാവൂദ് നബിയുടെ പരിച, കഅബയുടെ താക്കോൽ, വിവിധ ഖലീഫമാരുടെ വാളുകൾ, പ്രവാചക പുത്രി ഫാത്തിമയുടെ വസ്ത്രം തുടങ്ങി ഒട്ടേറെ അത്യപൂർവ വസ്തുക്കളാണ് ഈ കൊട്ടാരത്തെ ജനലക്ഷങ്ങളിലേക്ക് ആകർഷിക്കുന്നത്. അഞ്ഞൂറ് വർഷത്തിലേറെയായി ലൈവ് ഖുർആൻ പാരായണം നടക്കുന്ന ഒരു ഹാളും ഈ കൊട്ടാരത്തിലുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏകദേശം രണ്ട് മാസം മാത്രമാണ് ഇവിടെ പാരായണം മുടങ്ങിയതത്രേ.

പുരാതന ഹിപ്പോഡ്രോം

പുരാതന ഹിപ്പോഡ്രോം ആണ് ഇസ്തംബൂളിലെ ഏറ്റവും പുരാതനമായ സ്മാരകമെന്നാണ് കരുതപ്പെടുന്നത്. ഈജിപ്തിലെ ഭരണാധികാരിയായിരുന്ന ഫറോവയുടെ ചിത്രം വരെ ഇതിൽ ആലേഖനം ചെയ്തിരിക്കുന്നു. രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ വിവാദങ്ങൾ മുതൽ രഥ മത്സരങ്ങൾ വരെ നടന്നിരുന്ന ബൈസന്റൈൻ നാഗരിക ജീവിതത്തിന്റെ കേന്ദ്രമായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. 203 ൽ സെപ്റ്റിമസ് സെവെറസ് ചക്രവർത്തി നിർമ്മിച്ച ഈ വേദിയിൽ 100,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് കണക്കാക്കപ്പെടുന്നു. നല്ല ഉറപ്പുള്ള ഒരു തരം കല്ലാണിത്. ഈജിപ്തിൽ നിന്നും കപ്പൽവഴി കൊണ്ടുവന്നതാണിതെന്നാണ് പറയപ്പെടുന്നത്. ഏകദേശം 200 ടൺ ഭാരമുണ്ട് ഈ സ്മാരകത്തിന്.

ഹാഗിയ സോഫിയ (അയാ സോഫിയ)
യുഎന്നിന്റെ ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഹാഗിയ സോഫിയ ( അയാ സോഫിയ) നിർമാണ ചാതുരിയിലും കരകൗശല വിദ്യയുടെ പുതുമയിലും ഏറെ ആകർഷകമാണ്. വിവാദങ്ങൾക്കും ആക്രമണങ്ങളുമൊക്കെ നിരന്തരമായി വിധേയമായ ഈ സ്മാരകം വാസ്തുവിദ്യയിലെ സങ്കൽപങ്ങൾ തിരുത്തിയ വിസ്മയ നിർമിതിയാണെന്നാണ് പറയപ്പെടുന്നത്.
തുർക്കിയിലെ ഇസ്തംബുളിൽ സ്ഥിതിചെയ്യുന്ന ഈ പ്രാചീന ആരാധനാലയം പിന്നീട് ഒരു മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടു. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ജെസ്റ്റിനിനാണ് ഇന്നു നിലനിൽക്കുന്ന രീതിയിലുള്ള ദേവാലയം നിർമ്മിച്ചതെന്നാണ് ചരിത്രം. പ്രസ്തുത സ്ഥാനത്തു നിർമ്മിയ്ക്കപ്പെടുന്ന മൂന്നാമത്തെ ആരാധനാലയവും ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ കത്തീഡ്രലുമായിരുന്നു ഇത്. എന്നാൽ മുഹമ്മദ് രണ്ടാമൻ റോമക്കാരെ പരാജയപ്പെടുത്തുകയും ഹാഗിയ സോഫിയ വിലയ്ക്ക് വാങ്ങുകയും ചെയ്തുവെന്നാണ് ചരിത്രം. 1453 ൽ പള്ളിയായും 1935 ൽ മ്യൂസിയമായും മാറ്റപ്പെട്ട ഈ സ്മാരകം 2020 ജൂലായ് 11ന് വീണ്ടും പള്ളിയാക്കി മാറ്റുകയും നമസ്‌കാരത്തിനായി തുറന്നുകൊടുക്കുകയും ചെയ്യുന്നു. ഹാഗിയ സോഫിയയുടെ രാഷ്ട്രീയത്തിലേക്കോ വിവാദത്തിലേക്കോ കടക്കുന്നില്ല. ഇരുപതിനായിരത്തോളം പേർക്ക് നമസ്‌കരിക്കാവുന്ന ഈ പള്ളിക്ക് 9 കവാടങ്ങളുണ്ട്. മൂന്നെണ്ണം സാധാരണക്കാർക്കും മൂന്നെണ്ണം ഗവർണർമാർ, മന്ത്രിമാർ മുതലായവർക്കും ബാക്കി മൂന്നെണ്ണം ഭരണാധികാരികൾക്കുമായിരുന്നെത്രേ.
മനോഹരമായ അറബി കാലിഗ്രഫിയിൽ ഇസ്‌ലാമിക പശ്ചാത്തലം ചിത്രീകരിക്കുവാൻ പരിശ്രമിച്ചിട്ടുണ്ടെങ്കിലും ക്രിസ്തീയ സംസ്‌കാരത്തിന്റെ നിരവധി അടയാളങ്ങൾ ഈ സ്മാരകത്തിലുണ്ട്. ജിബ്രീൽ, മീഖാഈൽ, അസ്രായേൽ, ഇസ്‌റാഫീൽ എന്നീ നാലു പ്രധാന മലക്കുകളുടെ ചിത്രങ്ങളും ഹാഗിയ സോഫിയയുടെ നാലുഭാഗത്തായി കാണാം. ചിറകുകളുള്ള ഒരു പ്രത്യേക രൂപമായാണ് ഇവ ചിത്രീകരിക്കുന്നത്. ജിബ്രീൽ ഒഴികെയുള്ള മൂന്ന് മാലാഖമാരും മുഖം മൂടിയണിഞ്ഞപോലെയാണുള്ളത്.
പുരാതന ഹിപ്പോഡ്രോമിന്റേയും ഹാഗിയ സോഫിയയോട് തൊട്ടടുത്താണ് ബ്ലൂ മോസ്‌ക് സ്ഥിതി ചെയ്യുന്നത്. സുൽത്താൻ അഹ്മദ് പളളിയെന്നാണ് തുർക്കിയിലുള്ളവർ ഇതിനെ വിളിക്കുന്നത്. ബ്ലൂ മോസ്‌ക് എന്നത് യൂറോപ്യന്മാർ നൽകിയ പേരാണ്. പതിനായിരത്തോളം പേർക്ക് ഒരേ സമയം നമസ്‌കാരം നിർവഹിക്കാവുന്ന പളളിയാണിത്.


നീല നിറത്തോട് തുർക്കി ജനങ്ങൾക്ക് പ്രത്യേക ആഭിമുഖ്യമുണ്ട്. ഇന്റീരിയർ ഡിസൈനിലെ ചുവരുകൾക്ക് ചുറ്റും നീല ടൈലുകൾ ഉള്ളതിനാലാണ് ഈ പള്ളി ബ്ലൂ മോസ്‌ക് എന്നറിയപ്പെടുന്നത്. ഇരുപതിനായിരത്തിലധികം നീല ടൈലുകൾ ഉപയോഗിച്ചു. മിഹ്‌റാബും സുൽത്താന്റെ മഹ്ഫിലും കലാപരമായി കൊത്തിയെടുത്ത മാർബിൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സൂര്യപ്രകാശം അകത്തേക്ക് കടക്കുന്നതിനായി ഈ പള്ളിക്ക് 28 വിശാലമായ ജനാലകൾ ഉണ്ട്. സുൽത്താൻ അഹ്മദുമായി ബന്ധപ്പെട്ട് 14 ന്റെ ഒരു ചരിത്രമുണ്ട്. അദ്ദേഹം പതിനാലാമത്തെ വയസിൽ കിരീടം ലഭിച്ച രാജാവാണ്. ഓട്ടോമൻ സാമ്രാജ്യത്തിലെ പതിനാലാമത് രാജാവായിരുന്ന അദ്ദേഹം പതിനാല് വർഷമാണത്രെ ഭരിച്ചത്. സദഫ്കാർ മുഹമ്മദ് ആഗ എന്ന പ്രശസ്ത ശിൽപിയാണ് ബ്ലൂ മോസ്‌ക് രൂപകൽപന ചെയ്തത്. ഓട്ടോമൻ സാമ്രാജ്യത്തിലെ മികച്ച ആർക്കിടെക്ടായിരുന്ന മീമാർ സിനാനിന്റെ ശിഷ്യനായിരുന്നു സദഫ്കാർ. സുൽത്താൻ അഹ്മദിന്റെ ഇരുപത്തൊന്നാം വയസിൽ നിർമാണം ആരംഭിച്ചു. 6 മിനാരങ്ങളോടെ പള്ളി പണിയാനാണ് സുൽത്താൻ നിർദേശം നൽകിയത്. എന്നാൽ രണ്ട് പ്രശ്‌നങ്ങൾ അതോടെ ഉയർന്നു. മസ്ജിദുൽ ഹറമിന് മാത്രമാണ് 6 മിനാരങ്ങളുണ്ടായിരുന്നത്. അതിനാൽ 6 മിനാരങ്ങളുള്ള പള്ളി പണിയുന്നത് മക്കയിലെ മസ്ജിദുൽ ഹറമിനോടുളള അനാദരവാകുമെന്ന് വിവാദമുയർന്നു. തുർക്കിയിലെ വ്യവസ്ഥക്ക് വിരുദ്ധമായി സുൽത്താൻ സർക്കാർ ഖജനാവിലെ പണമുപയോഗിച്ചാണ് പള്ളി പൂർത്തിയാക്കിയതെന്നായിരുന്നു രണ്ടാമത്തെ വിവാദം. തുർക്കിയിൽ നിന്നും വിദഗ്ധരായ ഒരു സംഘം കരകൗശല വിദ്യക്കാരെ മക്കയിലേക്ക് അയച്ച് ഓട്ടോമൻ മിനാരം മസ്ജിദുൽ ഹറമിനോട് ചേർത്താണ് പ്രശ്‌നം പരിഹരിച്ചത്.
രണ്ടാമത്തെ പ്രശ്‌നം പരിഹരിച്ചത് ടോപ് കപ്പി പാലസിൽ നിന്നും പ്രവാചകന്റെ കാൽപാദമുദ്ര കൊടുത്താണ് ജനങ്ങളെ ആകർഷിച്ചത്. 500 വർഷത്തിലേറെ പഴക്കമുള്ള പള്ളിയാണിത്. മാർമറസ് കടലിനെയും കരിങ്കടലിനേയും അഭിമുഖീകരിക്കുന്ന ഈ പള്ളി ഇപ്പോൾ മെയിന്റനൻസിനായി അടച്ചിരിക്കുകയാണ്. തുർക്കിയിലെ സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് പലരും വിശദീകരിച്ചത്. വൻ വ്യവസായ സംരംഭങ്ങളും നിർമാണ യൂണിറ്റുകളുമായി അന്താരാഷ്ട്ര തലത്തിൽ സജീവ സാന്നിധ്യമായ തുർക്കി കാർഷിക രംഗത്തും മോശമല്ല. ഇസ്തംബൂളിലെ വിദ്യാഭ്യാസ രംഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളെ ആകർഷിക്കാറുണ്ട്. സമർഥരായ വിദ്യാർഥികളെ സ്‌കോളർഷിപ്പ് നൽകി പഠിപ്പിക്കാനും തുർക്കി ശ്രദ്ധിക്കുന്നുവെന്നത് പ്രത്യേകപരാമർശമർഹിക്കുന്നു. എന്റെ നാട്ടിൽ നിന്നും രണ്ട് കുട്ടികൾ സ്‌കോളർഷിപ്പോടെ ഇവിടെ പഠനം നടത്തുന്നുണ്ടെന്ന കാര്യം സാന്ദർഭികമായി അനുസ്മരിക്കട്ടെ. മുപ്പതിലേറെ ലോകോത്തര സർവകലാശാലകളാണ് ഇവിടെയുള്ളത്.
തുർക്കിയുടെ ചരിത്രപഥങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തിയപ്പോൾ ദിവസങ്ങൾ പോയതറിഞ്ഞില്ല. കണ്ട കാഴ്ചകൾ മനോഹരം, കാണാനിരിക്കുന്നവ അതിമനോഹരമെന്ന രീതിയിൽ ഇനിയും കാണണമെന്ന മോഹം ബാക്കിയാക്കിയാണ് ഖത്തറിലേക്ക് തിരിച്ചത്.  (അവസാനിച്ചു)

Latest News