Sorry, you need to enable JavaScript to visit this website.

കേരളത്തിൽ മാധ്യമപ്രവർത്തകർ തമ്മിലടിക്കുമ്പോൾ

കേരളത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച് മാധ്യമപ്രവർത്തകർക്കിടയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. മാധ്യമങ്ങൾ തമ്മിൽ ശക്തമായ മത്സരം ഉണ്ടായിരിക്കുമ്പോഴും മാധ്യമപ്രവർത്തകർ തമ്മിൽ തർക്കങ്ങൾ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമ പ്രവർത്തകർ തമ്മിലുള്ള തർക്കം എല്ലാ സീമകളെയും ലംഘിച്ചാണ് മുന്നോട്ടുപോകുന്നത്. ഏഷ്യാനെറ്റും ട്വന്റിഫോർ മലയാളവും തമ്മിലുള്ള തർക്കത്തിനായിരുന്നു മലയാള മാധ്യമലോകം ആദ്യം സാക്ഷ്യം വഹിച്ചത്. ട്വന്റിഫോർ മേധാവി ശ്രീകണ്ഠൻ നായരും ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോണുമായിരുന്നു തർക്കത്തിലെ കേന്ദ്ര കഥാപാത്രം. ട്വന്റിഫോറിന്റെ മലബാർ മേധാവി ദീപക് ധർമ്മടത്തിനെ മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതോടെയാണ് തർക്കത്തിന് തുടക്കമായത്. ചാനലുകൾ തമ്മിലുള്ള അലിഖിത നിയമത്തിന് വിരുദ്ധമായാണ് തങ്ങളുടെ ലേഖകന് എതിരെ ഏഷ്യാനെറ്റ് വാർത്ത നൽകിയതെന്നും ഇനി ഞങ്ങളും അങ്ങിനെ തന്നെയാകുമെന്നുമാണ് മോണിംഗ് ഷോ പരിപാടിയിലെത്തി ശ്രീകണ്ഠൻ നായർ മുന്നറിയിപ്പ് നൽകി. മോൻസൺ മാവുങ്ങൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ട്വന്റിഫോർ ചാനൽ ലേഖകൻ സഹിൻ ആന്റണി കൂടി സംശയ നിലയിൽ വന്നതോടെ വീണ്ടും ഇരുചാനലുകളും തമ്മിൽ തർക്കം രൂക്ഷമായി. സഹിൻ ആന്റണിയുടെ കുട്ടിയുടെ ജന്മദിനാഘോഷം നടത്തിയെന്ന് ചാനൽ ചർച്ചയ്ക്കിടെ വിനു വി ജോൺ പറഞ്ഞതോടെ ഇതിനെതിരെ നിയമനടപടിയുമായി സഹിൻ ആന്റണിയുടെ ഭാര്യ രംഗത്തെത്തി. ഇടതുകേന്ദ്രങ്ങളും സഹിൻ ആന്റണിയുടെ ഭാര്യക്ക് പിന്തുണയുമായി രംഗത്തെത്തി. ട്വന്റിഫോർ ചാനലിന്റെ മോണിംഗ് ഷോയിൽ തന്നെ സഹിന്റെ ഭാര്യ എത്തി വിനു വി ജോണിനും ചർച്ചയിൽ പങ്കെടുത്ത റോയ് മാത്യുവിനും എതിരെ രംഗത്തെത്തി. 
തൊട്ടടുത്ത ദിവസം വിനു വി ജോണും മീഡിയ വൺ ചാനലിലെ പ്രമോദ് രാമനും തമ്മിലായി പുതിയ തർക്കം. ദൽഹിയിൽ മന്ത്രിയുടെ മകൻ സഞ്ചരിച്ച കാർ കർഷകർക്കിടയിലേക്ക് ഇടിച്ചുകയറ്റി കർഷകർ കൊല്ലപ്പെട്ട ദിവസം മോൻസൺ മാവുങ്ങലിന്റെ പുരാവസ്തു തട്ടിപ്പ് ചർച്ചയാക്കി ഏഷ്യാനെറ്റ് നടപടിക്കെതിരെ പ്രമോദ് രാമൻ രംഗത്തെത്തി. നാടിന്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങൾക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്‌കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത് എന്നായിരുന്നു പ്രമോദ് രാമന്റെ ഫെയ്്‌സ്ബുക്ക് പോസ്റ്റ്. എന്നാൽ ഇതിനെതിരെ വ്യക്തിപരമായ പരാമർശവുമായി വിനു വി ജോൺ ട്വിറ്ററിലൂടെ രംഗത്തെത്തി. ഷാർജ ഇന്ത്യൻ അസോ. ഹാളിൽ തീവ്ര ലഹരിയിൽ കുഴഞ്ഞുവീണ് പ്രവാസികളെ ഉദ്ബോധിപ്പിച്ച് മാതൃകയായ ഒരു എഡിറ്റർ മാധ്യമ സദാചാര പോസ്റ്റിട്ടിട്ടുണ്ട്. മുമ്പ് സഹപ്രവർത്തകനായിരുന്ന ടിയാന്റെ  'സാഹസ'ത്തിന് തമിഴന്മാർ കൈ അടിച്ചൊടിച്ചപ്പോൾ ഈയുള്ളവന് മദിരാശിയിലേക്ക് ഒരു സ്ഥലം മാറ്റം കിട്ടിയിരുന്നു എന്നായിരുന്നു പ്രമോദ് രാമനെ ലക്ഷ്യമിട്ട് വിനു വി ജോൺ രംഗത്തെത്തിയത്. ഇതിനെ എതിർത്തും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. 
പ്രമോദ് രാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കിൽ മനസ്സിൽ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാൽ അതിന് മുതിരുന്നു.
ഈ കുറിപ്പ് എഴുതുമ്പോൾ യു പിയിൽ കർഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവൺമെന്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളിൽ ചർച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നിൽ കർഷക, യുവജന നേതാക്കളെ മർദിച്ചു പോലീസ് വണ്ടിയിൽ തള്ളുന്ന ദൃശ്യങ്ങൾ കണ്ട ഏതൊരു മാധ്യമ പ്രവർത്തകനും ഇന്നത്തെ രാത്രിയിൽ അതല്ലാതെ മറ്റൊരു വിഷയം ചർച്ച ചെയ്യുന്നത് ചിന്തിക്കാൻ ആവില്ല. എന്നാലോ
എല്ലാറ്റിനും 'മുതിരുന്ന' ചിലർക്ക് മോൻസന്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തിൽ കവിഞ്ഞ് ഒരു കർഷകനും അവന്റെ രക്തസാക്ഷിത്വവും
മാധ്യമപ്രവർത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivity യൂടെ ആഴം സൂചിപ്പിക്കാൻ മാത്രം. ഒരു രാത്രിയിൽ രണ്ടു സ്ത്രീകളുടെ മോഡസ്റ്റിയെ വെല്ലുവിളിക്കുന്നതിൽ നാം കണ്ട insensitivity മറ്റൊരു രാത്രിയിൽ കർഷകമനസ് കാണാതെ പോകുന്ന തരത്തിൽ നമുക്ക് മുന്നിൽ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തിൽ മാധ്യമപ്രവർത്തനത്തിന്റെ ഒരുവശത്ത് പടർന്നുകൊണ്ടിരിക്കുന്ന നിർദയത്വത്തിന്റെ വിഷവേരുകൾ ആണ്. പകൽ മുഴുവൻ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ ധർമയുദ്ധത്തിൽ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകർ എന്ന മട്ടിൽ റിപ്പോർട്ടർമാരാൽ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിന്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയിൽ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോർട്ടർ സഹപ്രവർത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാൻ  ആങ്കർ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവർഗ, പുരുഷ,  പിന്തിരിപ്പൻ വഷളത്തരങ്ങൾ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും. 
ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവർ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യർത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാൻ മാധ്യമപ്രവർത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എന്നെ കല്ലെറിയൂ. അല്ലെങ്കിൽ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലിൽ അടയ്ക്കൂ. മാധ്യമ പ്രവർത്തനത്തിന്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിന്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല.  തലമുറകൾക്ക് മേൽ വിപൽപ്പിണറായി പതിക്കാവുന്ന ദുർബോധനം ആണത്. 
ഇന്നേവരെ പല ആവർത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയിൽ ഞാൻ എന്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ  പെരുമാറുന്നുണ്ടോ, ഇന്നിപ്പോൾ ങലറശമ ഛില ന്റെ ചുമതലയിൽ ഇരുന്ന് സഹപ്രവർത്തകരിൽ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളർത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങൾ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളിൽ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാൻ കഴിയുന്നുള്ളൂ.
അപ്പോഴും ഞാൻ പറയും. ഞാനും എന്റെ സഹപ്രവർത്തകരും വിമർശിക്കപ്പെടുക തന്നെ വേണം. അവർ അംഗീകരിക്കപ്പെടുന്നുവെങ്കിൽ അതിനൊപ്പം. കാരണം വിമർശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതൽ നല്ല മാധ്യമപ്രവർത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിന്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങൾക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്‌കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്. നന്ദി.  

അവതാരകർ പാലിക്കേണ്ട സാമാന്യമര്യാദയെ പറ്റിയാണ് ഇന്ന് രാത്രി ട്വന്റിഫോർ ചാനൽ പ്രൈംടൈം ചർച്ച നടത്തിയത്. മാധ്യമപ്രവർത്തകർ പരസ്പരം മൂടിവെച്ചിരുന്ന സംഭവങ്ങളെല്ലാമാണ് പുതിയ വിവാദത്തോടെ പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. 

Latest News