ഹറമിന്റെ മുറ്റങ്ങളിൽ നമസ്‌കാരം നിർവഹിക്കാനും പെർമിറ്റ് നിർബന്ധം

ഹറംകാര്യ വകുപ്പ് ജീവനക്കാർ വിശുദ്ധ ഹറമിന്റെ മുറ്റത്ത് കാർപെറ്റുകൾ വിരിക്കുന്നു. വലത്ത്:  ഹറമിന്റെ മുറ്റത്ത് വിരിച്ച കാർപെറ്റുകൾ.

മക്ക - വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിൽ നമസ്‌കാരം നിർവഹിക്കാനും മുൻകൂട്ടി പെർമിറ്റ് നേടൽ നിർബന്ധമാണെന്ന് ഹറംകാര്യ വകുപ്പ് വ്യക്തമാക്കി. ഹറമിന്റെ മുറ്റങ്ങളിൽ പെർമിറ്റുകളില്ലാതെ നമസ്‌കാരങ്ങൾ നിർഹിക്കാൻ അനുവദിച്ചതായി വാദിക്കുന്ന വീഡിയോ ഒരാൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹറംകാര്യ വകുപ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. 'തവക്കൽനാ', 'ഇഅ്തമർനാ' ആപ്പുകൾ വഴി പെർമിറ്റുകൾ നേടാതെ ആരെയും ഹറമിന്റെ മുറ്റങ്ങളിൽ നമസ്‌കാരം നിർവഹിക്കാൻ അനുവദിക്കില്ലെന്ന് ഹറംകാര്യ വകുപ്പ് വക്താവ് ഹാനി ഹൈദർ പറഞ്ഞു. 
പെർമിറ്റുകൾ നേടുന്നവർക്ക് നമസ്‌കാരങ്ങൾ നിർവഹിക്കാൻ കൂടുതൽ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹറമിന്റെ മുറ്റങ്ങളിൽ ദീർഘ കാലത്തെ ഇടവേളക്കു ശേഷം വീണ്ടും കാർപെറ്റുകൾ വിരിച്ചതെന്നും ഹറംകാര്യ വകുപ്പ് വക്താവ് പറഞ്ഞു. ഈ മാസം ഒന്നു മുതൽ ഉംറ കർമം നിർവഹിക്കാൻ പ്രതിദിനം ഒരു ലക്ഷം പേർക്കു വീതം പെർമിറ്റുകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നതിന് ദിവസേന 60,000 പേർക്കു വീതവും പെർമിറ്റുകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. ഉംറ നിർവഹിക്കാനും വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കാനും അനുവദിക്കുന്ന പെർമിറ്റുകളുടെ എണ്ണം ഉയർത്തിയതോടെയാണ് വിശുദ്ധ ഹറമിന്റെ മുറ്റങ്ങളിലും വിശ്വാസികൾക്ക് നമസ്‌കാരങ്ങൾ നിർവഹിക്കാൻ ഹറംകാര്യ വകുപ്പ് സൗകര്യമൊരുക്കിയത്. 

 

Latest News