റിയാദ് - ആഗോള വിപണിയിൽ എണ്ണ വില ഉയർന്ന പശ്ചാത്തലത്തിൽ ഈ വർഷം സൗദി അറേബ്യയുടെ എണ്ണ വരുമാനം 36 ശതമാനം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജദ്‌വ ഇൻവെസ്റ്റ്‌മെന്റ് കമ്പനി പറഞ്ഞു. ഈ കൊല്ലം എണ്ണ വരുമാനം 563 ബില്യൺ റിയാലായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയിൽ എണ്ണ വില ബാരലിന് 80 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ ശരാശരി എണ്ണ വില ബാരലിന് 50 ഡോളറായിരുന്നു. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെ സൗദി അറേബ്യ 249 ബില്യൺ റിയാലാണ് എണ്ണ മേഖലയിൽ നിന്ന് വരുമാനം നേടിയത്. കഴിഞ്ഞ കൊല്ലം ആദ്യ പകുതിയിൽ നേടിയ എണ്ണ വരുമാനത്തെക്കാൾ 11 ശതമാനം കൂടുതലാണിത്.
ഈ വർഷം ബജറ്റ് വരുമാനം 923 ബില്യൺ റിയാലും ചെലവ് 990 ബില്യൺ റിയാലും കമ്മി 67 ബില്യൺ റിയാലുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 849 ബില്യൺ റിയാൽ വരവും 990 ബില്യൺ റിയാൽ ചെലവും 141 ബില്യൺ റിയാൽ കമ്മിയും കണക്കാക്കുന്ന ബജറ്റാണ് ഈ വർഷത്തേക്ക് അംഗീകരിച്ചിരുന്നത്. രാജ്യത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുകയും എണ്ണവരുമാനവും പെട്രോളിതര മേഖലാ വരുമാനവും വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഈ വർഷം ബജറ്റ് കമ്മി 85 ബില്യൺ റിയാലായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദിവസങ്ങൾക്കു മുമ്പ് ധനമന്ത്രാലയം അറിയിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ കമ്മി ഇതിലും കുറയുമെന്നാണ് ജദ്‌വ ഇൻവെസ്റ്റ്‌മെന്റ് കമ്പനി പ്രതീക്ഷിക്കുന്നത്.






