ഒന്നര വർഷം മുമ്പ് റിയാദിൽ കാണാതായ കൊല്ലം സ്വദേശി  ആത്മഹത്യ ചെയ്തതായി പോലീസ്

റിയാദ്- ഒന്നര വർഷം മുമ്പ് റിയാദിൽ കാണാതായ കൊല്ലം കരുനാഗപ്പള്ളി കല്ലേലിഭാഗം പുതുവീട്ടിൽ താജുദ്ദീൻ അഹമ്മദ് (38) ആത്മഹത്യ ചെയ്തതായി റിയാദ് ശിഫ പോലീസ് സ്ഥിരീകരിച്ചു. അസീസിയയിലെ ഒരു കെട്ടിടത്തിൽ ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയും ബന്ധുക്കളാരും എത്താത്തതിനാൽ ഒരു മാസത്തിന് ശേഷം റിയാദിൽ ഖബറടക്കിയെന്നും പോലീസ് അറിയിച്ചതായി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് പറഞ്ഞു.
അസീസിയയിലെ പച്ചക്കറി മാർക്കറ്റിനടുത്ത് ബന്ധുക്കളോടൊന്നിച്ച് താമസിച്ചുവരികയായിരുന്ന താജുദ്ദീനെ 2020 മെയ് 17 നാണ് കാണാതായത്. മെയ് 11ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് രണ്ടു ദിവസം മുമ്പ് തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്ന ഇദ്ദേഹത്തിന്റെ ബന്ധുവായ ശരീഫ് കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ റൂമിലുള്ളവരെല്ലാം ക്വാറന്റൈനിൽ പോയി. തിരിച്ചെത്തിയപ്പോഴാണ് താജുദ്ദീനെ കാണാതാവുന്നത്. പിന്നീട് ബന്ധുക്കളും സാമൂഹിക പ്രവർത്തകരും പോലീസ് സ്റ്റേഷനുകൾ, ജയിലുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം തെരച്ചിൽ നടത്തി. താജുദ്ദീനെ കണ്ടെത്തുന്നതിനുള്ള നടപടികൾക്കായി ഇന്ത്യൻ എംബസി, കേന്ദ്ര വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളിൽ അപേക്ഷയും നൽകി. ഒടുവിൽ കഴിഞ്ഞ ദിവസം ശിഹാബ് കൊട്ടുകാട് ശിഫ പോലീസിലെത്തി വീണ്ടും അന്വേഷണം നടത്തി. അപ്പോഴാണ് താജുദ്ദീൻ എന്നൊരാളുടെ മൃതദേഹം അസീസിയയിലെ ഒരു കെട്ടിടത്തിൽ നിന്ന് ലഭിച്ചിരുന്നുവെന്നും ബംഗ്ലാദേശ് പൗരനായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും ഒരു മാസത്തിന് ശേഷം മൃതദേഹം ഖബറടക്കിയെന്നും പോലീസ് രേഖകൾ നോക്കി സ്ഥിരീകരിച്ചത്.  തുടർന്ന് ശിഹാബ് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.
 

Latest News