Sorry, you need to enable JavaScript to visit this website.

ഭാര്യയെ പാമ്പു കടിപ്പിച്ചുകൊന്ന ക്രൂരത; ഉത്ര കൊലക്കേസിൽ വിധി 11-ന്

കൊല്ലം- അഞ്ചൽ ഉത്ര കൊലക്കേസിൽ 11 ന് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് വിധി പറയും. 2020 മെയ് ഏഴിനാണ് കേരളം നടുങ്ങിയ ആ കൊലപാതകം നടന്നത്. അഞ്ചൽ സ്വദേശിയായ ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പുകടിയേറ്റത്. 2020 മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്റെ പറക്കോട്ടുള്ള വീട്ടിൽവെച്ചാണ് ആദ്യം പാമ്പുകടിയേൽക്കുന്നത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം കിടത്തിചികിത്സ നടത്തി. ചികിത്സയ്ക്ക് ശേഷം യുവതിയുടെ വീട്ടിൽ പരിചരണത്തിൽ കഴിയുന്നതിനിടയിൽ മെയ് ആറിന് വീണ്ടും പാമ്പിന്റെ കടിയേറ്റാണ് മരണം സംഭവിച്ചത്. ആ ദിവസം സൂരജും വീട്ടിലുണ്ടായിരുന്നു. ഉത്രയെ 2018 ലാണ് സൂരജ് വിവാഹം കഴിച്ചത്. 100 പവൻ സ്വർണവും വലിയൊരു തുക സ്ത്രീധനവും നൽകിയാണ് വിവാഹം നടത്തിയത്. 
 ഉറങ്ങിക്കിടന്ന ഉത്രയുടെ ഇടത് കൈത്തണ്ടയിൽ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. അതിന് മുമ്പ് അണലിയെ ഉപയോഗിച്ച് ഉത്രയെ കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് ഒന്നാം പ്രതിയും പാമ്പ് പിടിത്തക്കാരൻ ചാവരുകാവ് സുരേഷ് രണ്ടാം പ്രതിയുമായിരുന്നെങ്കിലും പിന്നീട് സുരേഷ് മാപ്പു സാക്ഷിയാകുകയായിരുന്നു. എന്നാൽ വനം ആക്ടിന്റെ പരിധിയിലുള്ള കേസിൽ ഇരുവരും പ്രതികളാണ്.
കൊലപാതകം (302), കൊലപാതക ശ്രമം (307), മയക്കുമരുന്ന് അടങ്ങിയ പാനീയം നൽകി അപകടപ്പെടുത്തുക (328), തെളിവ് നശിപ്പിക്കൽ (201) എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ആരോപിച്ചിട്ടുള്ളത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 87 സാക്ഷികളെയും 286 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. വാദത്തിന്റെ വേളയിൽ ഡിജിറ്റൽ തെളിവുകൾ നേരിൽ പരിശോധിക്കണമെന്നതിനാൽ തുറന്ന കോടതിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വാദം കേട്ടത്. സൂരജിനെ വീഡിയോ കോൺഫറൻസ് വഴിയാണ് വിചാരണ നടപടികളിൽ പങ്കെടുപ്പിച്ചത്. 
അഞ്ചൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റൂറൽ എസ്.പിയായിരുന്ന ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ അശോകനായിരുന്നു അന്വേഷണച്ചുമതല. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. ജി മോഹൻരാജിനെ സർക്കാർ നിയോഗിച്ചു. അഭിഭാഷകരായ കെ ഗോപീഷ് കുമാർ, സി.എസ് സുനിൽ എന്നിവരും പ്രോസിക്യൂഷനു വേണ്ടി ഹാജരായി.
 

Latest News