ന്യൂദല്‍ഹി- പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയുടെ കഴിഞ്ഞ ഏഴു സമ്മേളനങ്ങളിലായി 138 സിറ്റിങ്ങുകളില്‍ എല്ലാ ദിവസവും മുടങ്ങാതെ പങ്കെടുത്തത് ഒരേ ഒരു എംപി മാത്രം. അണ്ണാ ഡിഎംകെ നേതാവ് 75കാരനായ എസ് ആര്‍ ബാലസുബ്രമണ്യം ആണ് രാജ്യസഭയിലെ ഹാജര്‍ പട്ടികയില്‍ മറ്റു അംഗങ്ങളെ പിന്തള്ളി ഒന്നാമനായത്. 78 ശതമാനം അംഗങ്ങളും രാജ്യസഭാ നടപടികളില്‍ ദിവസവും പങ്കെടുത്തതായി രാജ്യസഭാ സെക്രട്ടറിയേറ്റ് നടത്ത കണക്കെടുപ്പില്‍ വ്യക്തമായി. ഇതാദ്യമായാണ് അംഗങ്ങളുടെ ഹാജര്‍ നില സംബന്ധിച്ച താരതമ്യ പരിശോധന നടത്തിയത്. രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.
ഓരോ സമ്മേളനത്തിലും 30 ശതമാനത്തോളം അംഗങ്ങളുടേയും മുഴുസാന്നിധ്യമുണ്ടായിട്ടുണ്ട്. രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ് തീരെ സഭയില്‍ വരാത്തവരായി ഉള്ളത്. അശോക് ബാജ്പയ്, ഡി പി വത്സ്, നീരജ് ശേഖര്‍, വികാസ് മഹാത്മെ, രാംകുമാര്‍ വര്‍മ എന്നീ അഞ്ച് എംപിമാര്‍ ആറു സഭാ സമ്മേളനങ്ങളിലും പൂര്‍ണമായും ഹാജരുണ്ടായിരുന്നു. രാകേഷ് സിന്‍ഹ, സുധാന്‍ഷു ത്രിവേദി, ഡോ. കൈലാസ് സോണി, നരേജ് ഗുജ്‌റാള്‍, വിശ്വംഭര്‍ പ്രസാദ് നിഷാദ്, കുമാര്‍ കെട്കര്‍, അമീ യാഗ്നിക് എന്നീ ഏഴ് അംഗങ്ങള്‍ അഞ്ച് രാജ്യസഭാ സമ്മേളനങ്ങിലും പൂര്‍ണമായും പങ്കുകൊണ്ടു.
മന്ത്രിമാര്‍, ഡെപ്യൂട്ടി ചെയര്‍മാന്‍, സഭാ നേതാവ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് ഹാജര്‍ പട്ടികയില്‍ ഒപ്പുവെക്കേണ്ടതില്ല. പാര്‍ലമെന്റ് അംഗങ്ങളുടെ സാലറി, അലവന്‍സ് നിയമ പ്രകാരം 225 അംഗങ്ങളാണ് ഹാജര്‍ ഒപ്പിട്ടിട്ടുള്ളത്. രാജ്യസഭയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പങ്കെടുത്തത് 254ാം സമ്മേളനത്തിലാണ് (ഇക്കഴിഞ്ഞ മണ്‍സൂണ്‍ സമ്മേളനം) 82.57 ശതമാനം എംപിമാരും ഈ സമ്മേളനത്തില്‍ പങ്കെടുത്തു.
അവസാനത്തെ മൂന്ന് സമ്മേളനങ്ങള്‍ പരിശോധിക്കുമ്പോള്‍ മഹാമാരി രാജ്യസഭയിലെ ഹാജര്‍ നിലയെ സ്വാധീനിച്ചിട്ടില്ലെന്നും കണക്കുകള്‍ പറയുന്നു.