ന്യൂദല്‍ഹി- ദല്‍ഹിയിലെ ദ്വാരകയില്‍ ആള്‍ത്തിരക്കുള്ള നടവഴിയിൽ യുവാവ് പച്ചക്കറി വില്‍പ്പനക്കാരിയായ യുവതിയെ പരസ്യമായി കഴുത്തറുത്ത് കൊലപ്പെടുത്തി. വഴക്കിനെ തുടര്‍ന്നാണ് കൊലപാതകം. 30കാരി വിഭയാണ് കൊല്ലപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവിനൊപ്പം ജോലി ചെയ്യുന്ന കടയുടെ മുന്നിലിട്ടാണ് യുവതിയെ ക്രൂരമായി കൊന്നത്.
യുവതിയെ കഴുത്തറുത്ത് നിലത്തിട്ട ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി ദീപകിനെ സമീപത്തുണ്ടായിരുന്നവര്‍ ഓടിച്ചിട്ടു പിടികൂടി പൊതിരെ തല്ലി. ഒടുവില്‍ പോലീസെത്തിയാണ് പ്രതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ദീപകിനെ രക്ഷിക്കാന്‍ ശ്രമിച്ച പോലീസിനു നേര്‍ക്കും ആള്‍കൂട്ടം ആക്രമണം അഴിച്ചുവിട്ടു. ഞായറാഴ്ച രാത്രി നടന്ന സംഭവം സമീപത്തെ ഒരു ഷോപ്പിലെ സിസിടിവി കാമറിയില്‍ പതിഞ്ഞിട്ടുണ്ട്. മദ്യപിച്ച ദീപക് വിഭയുടെ തര്‍ക്കമുണ്ടാകുകയും ഇത് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തര്‍ക്കത്തിനിടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും ആയുധമെടുത്ത് ദീപക് യുവതിയെ പിടികൂടി കഴുത്തറുക്കുകയായിരുന്നു. ചൂലും മറ്റും ഉപയോഗിച്ച് യുവതി പ്രതിരോധിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതി യുവതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു.
രോഷാകുലരായ ആള്‍ക്കൂട്ടം പോലീസിനും പോലീസ് വാഹനത്തിനു നേര്‍ക്കും ആക്രമണം അഴിച്ചുവിട്ടു. ഉദ്യോഗസ്ഥരെ ജോലിയില്‍ തടഞ്ഞ കുറ്റം ചുമത്തി അഞ്ചു പേരെ അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതിയുടെ ചികിത്സ കഴിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.