റിയാദ്- ഫെബ്രുവരി 25 മുതൽ പ്രാബല്യത്തിൽവന്ന ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം ആവർത്തിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി പദവി ശരിയാക്കാൻ അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി കുടുങ്ങുന്ന നിയമ ലംഘകരെയും ബിനാമി കേസിൽ ഇതിനകം കുടുങ്ങി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയ കേസിലെ പ്രതികളെയും കോടതികൾ ശിക്ഷ പ്രഖ്യാപിച്ച ബിനാമി കേസുകളിലെ പ്രതികളെയും ശിക്ഷകളിൽ നിന്ന് ഒഴിവാക്കില്ലെന്നും മന്ത്രാലയം അറിയിച്ചു. പുതിയ നിയമം അനുസരിച്ച് ബിനാമി കേസ് പ്രതികൾക്ക് അഞ്ചു വർഷം വരെ തടവും 50 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. കുറ്റക്കാരുടെ ആസ്തികളും നിയമ വിരുദ്ധ സമ്പത്തും കണ്ടുകെട്ടും. കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കൽ, ലൈസൻസ് റദ്ദാക്കൽ, അതേ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് കുറ്റക്കാരായ സൗദികൾക്ക് വിലക്കേർപ്പെടുത്തൽ, നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കൽ, നിയമ ലംഘകരായ വിദേശികളെ നാടുകടത്തൽ, പുതിയ തൊഴിൽ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തൽ എന്നീ ശിക്ഷകളും കുറ്റക്കാർക്കെതിരെ സ്വീകരിക്കും.
ബിനാമി ബിസിനസ് സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ അനുവദിച്ച സാവകാശം 2022 ഫെബ്രുവരി 16 ന് അവസാനിക്കും. ബിനാമി ബിസിനസുകൾ നടത്തുന്നവർ എത്രയും വേഗം പദവി ശരിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കണം. പദവി ശരിയാക്കാൻ മുന്നോട്ടുവരുന്നവരെ ശിക്ഷാ നടപടികളിൽ നിന്നും മുൻകാല പ്രാബല്യത്തോടെ വരുമാന നികുതി അടക്കുന്നതിൽ നിന്നും ഒഴിവാക്കുമെന്നും മന്ത്രാലയം പറഞ്ഞു.