ന്യൂദല്‍ഹി-വിവാഹ മോചനക്കേസ് 26 വര്‍ഷം പിന്നിട്ട ശേഷം ദമ്പതികള്‍ക്ക് സുപ്രീം കോടതിയുടെ ഉപദേശം. നിങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്.
1995 ല്‍ വിവാഹിതരായി അഞ്ചാറ് ദിവസം മാത്രം ദാമ്പത്യജീവിതം നയിച്ച ഭര്‍ത്താവിനോടും ഭാര്യയോടുമാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നിങ്ങള്‍ പ്രായോഗികമായി ചിന്തിക്കണം. കോടതി മുറിയില്‍ പരസ്പരം പൊരുതി തീര്‍ക്കാനുള്ളതല്ല ജീവിതം. നിങ്ങള്‍ക്ക് 50 വയസ്സ് പ്രായമുണ്ട്. അദ്ദേഹത്തിന് 55 വയസ്സും- ജസ്റ്റിസുമാരായ എം.ആര്‍. ഷായും എ.എസ് ബൊപ്പണ്ണയും ഉള്‍പ്പെട്ട ബെഞ്ച് ഭര്‍ത്താവിന് വിവാഹ മോചനം അനുവദിച്ച ത്രിപുര ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയ ഭാര്യയോട് പറഞ്ഞു.
ചര്‍ച്ചകളിലൂടെ തീരുമാനമെടുത്ത ശേഷം ഡിസംബറില്‍ വീണ്ടും ഹരജി പരിഗണിക്കുന്നതിനു മുമ്പ് വിവരം അറിയിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
വിവാഹ മോചനം അനുവദിച്ച ഹൈക്കോടതി ഉത്തരവ് തെറ്റായിരുന്നുവെന്നും എല്ലാ വശങ്ങളും പരിഗണിച്ചില്ലെന്നും സ്ത്രീക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.
1995 ലായിരുന്നു വിവാഹമെന്നും ഇപ്പോള്‍ ജീവിതം തകര്‍ന്നുവെന്നും പുരുഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ദുഷ്യന്ത് പരാശര്‍ പറഞ്ഞു. ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായ ക്രൂരത കണക്കിലെടുത്ത് ത്രിപുര ഹൈക്കോടതി വിവാഹ മോചനം അനുവദിച്ചത് ശരിയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. ഭാര്യയൊടപ്പം ജീവിക്കാന്‍ തന്റെ കക്ഷിക്ക് താല്‍പര്യമില്ലെന്നും സ്ഥിരം ചെലവിനു നല്‍കാന്‍ തയാറാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
1995 ജൂലൈ 13 നു നടന്ന വിവാഹത്തിനുശേഷം പ്രായമേറിയ മാതാവിനേയും തൊഴിലില്ലാത്ത സഹോദരനേയും ഉപേക്ഷിച്ച് ഭാര്യവിട്ടീല്‍ താമസിക്കാന്‍ ഭാര്യയുടെ പിതാവ് നിര്‍ബന്ധിച്ചതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. ഭാര്യയെ കാര്യം പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ വീട് ഉപേക്ഷിച്ച് അഗര്‍ത്തലയിലെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്നും ഭര്‍ത്താവ് പറയുന്നു.






