Sorry, you need to enable JavaScript to visit this website.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി ലഖിംപൂരില്‍ നടത്തിയ പ്രതിഷേധം കര്‍ഷകര്‍ അവസാനിപ്പിച്ചു

ലഖിംപൂര്‍- കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് 45 ലക്ഷം രൂപ വീതവും ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയും പരിക്കേറ്റവര്‍ക്ക് 10 ലക്ഷം രൂപയും യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതോടെ ലഖിംപൂരിൽ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമായി കര്‍ഷകം നടത്തിയ ഉപരോധം അവസാനിപ്പിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ചയിലാണ് നീക്കുപോക്കുണ്ടാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആഷിശ് മിശ്ര കര്‍ഷക സമരക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി നാലു പേരെ കൊന്ന സ്ഥലത്ത് സമരം അവസാനിപ്പിക്കാനാണ് സമരക്കാരും കര്‍ഷകരും നടത്തിയ ചര്‍ച്ചയിലെ തീരുമാനം. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പു നല്‍കി. കര്‍ഷകരുടെ പരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഉറപ്പു കൊടുത്തിട്ടുണ്ട്. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയാറായതെന്നാണ് റിപോര്‍ട്ട്.

ഞായറാഴ്ചയുണ്ടായ സംഘര്‍ഷത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മറ്റു അഞ്ചു പേരും കൊല്ലപ്പെട്ടിരുന്നു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ രാഷ്ട്രീയ നേതാക്കളും കര്‍ഷക നേതാക്കളും വരുന്നത് തടയാന്‍ യുപി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിരുന്നു. അതിര്‍ത്തി അടച്ചും രാഷ്ട്രീയ നേതാക്കളെ വഴിയില്‍ തടഞ്ഞ് കസ്റ്റഡിയിലെടുത്തും സമരസ്ഥലത്തെ സ്ഥിതി വഷളാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു.
 

Latest News