Sorry, you need to enable JavaScript to visit this website.

കാമ്പസുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന സംഘമുണ്ടോ, മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങിനെ

തിരുവനന്തപുരം- കേരളത്തിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള കാമ്പസുകൾ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകർഷിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടോയെന്ന ആരോപണം തള്ളാതെയും കൊള്ളാതെയും മുഖ്യമന്ത്രി. ഇക്കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇതുസംബന്ധിച്ച് പ്രഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് സർക്കാർ പഠനം നടത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഈ വിഷയത്തിൽ സംസ്ഥാന ഇൻറലിജൻസ് മേധാവി സർക്കാറിന് റിപ്പോർട്ട് നൽകിയിട്ടുണ്ടോ, കാമ്പസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം വിധ്വംസക പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചു തുടങ്ങിയ ചോദ്യങ്ങൾക്കും ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.

പ്രഫഷണൽ കോളജുകൾ കേന്ദ്രീകരിച്ചു വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദ വഴിയിലേക്കു ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നെന്ന് സി.പി.എം പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി നൽകിയ കുറിപ്പിൽ ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് മുസ്്‌ലിം ലീഗ് എം.എൽ.എമാരായ നജീബ് കാന്തപുരം, ഡോ. എം.കെ മുനീർ, പി.കെ ബഷീർ, യു.എ ലത്തീഫ് എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് ഇത്തരം ആരോപണങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകിയത്.
 

Latest News