Sorry, you need to enable JavaScript to visit this website.

ആര്യന്‍ ഖാന്റെ റേവ് പാര്‍ട്ടി: പെണ്‍കുട്ടികളുടെ  സാനിറ്ററി പാഡുകള്‍ക്കിടയിലും മയക്കുമരുന്ന്

മുംബൈ- മുംബൈ തീരത്ത് കോര്‍ഡെലിയ എന്ന ആഡംബര കപ്പലില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നടത്തിയ റെയ്ഡില്‍ പിടിയിലായ ആര്യന്‍ഖാന്റെ ലെന്‍സ് കെയ്‌സില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു. കേസില്‍ അറസ്റ്റിലായ മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകള്‍ക്ക് ഇടയില്‍ നിന്നും മരുന്ന് പെട്ടികളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ആര്യന്‍ ഖാന്‍ ലെന്‍സ് കെയ്‌സില്‍ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പറയുന്നത്.
റേവ് പാര്‍ട്ടിക്ക് ഇടയില്‍ നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടികളുടെ സാനിറ്ററി പാഡുകള്‍ക്ക് ഇടയില്‍ സൂക്ഷിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. ഇതിന് പുറമേ മരുന്ന് പെട്ടികളില്‍ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ചരസ്, എംഡിഎംഎ, കൊക്കെയ്ന്‍ അടക്കമുള്ളവയാണ് റെയ്ഡില്‍ കണ്ടെടുത്തത്. നിരോധിത മയക്കുമരുന്നുകളെക്കുറിച്ച് ആര്യന്‍ ഖാനും സുഹൃത്തുക്കളും ഒന്നിലധികം തവണ ചാറ്റ് ചെയ്തിരുന്നതായി വാട്‌സ്ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതില്‍ വ്യക്തമായി.
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെയാണ് ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി കപ്പലില്‍ നടന്ന ആഘോഷത്തിനിടയിലാണ് എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിന് ശേഷമായിരുന്നു ആര്യനെ അറസ്റ്റ് ചെയ്തത്. ആര്യന്‍ഖാന് പുറമേ സുഹൃത്ത് അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. കോടതിയില്‍ ഹാജരാക്കിയ ആര്യന്‍ അടക്കമുള്ളവരെ ഒക്ടോബര്‍ നാല് വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. രണ്ടുസ്ത്രീകളടക്കം അഞ്ചുപേര്‍ എന്‍.സി.ബി.യുടെ കസ്റ്റഡിയിലാണ്.
കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന രഹസ്യവിവരം ഏകദേശം 15 ദിവസം മുമ്പുതന്നെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുര്‍ന്ന് എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെയും സംഘവും ടിക്കറ്റെടുത്ത് യാത്രക്കാര്‍ എന്ന നിലയില്‍ കപ്പലില്‍ കയറി. അര്‍ധരാത്രിയോടെ ആഘോഷം തുടങ്ങിയശേഷമാണ് ഇവര്‍ റെയ്ഡ് നടത്തി എട്ടുപേരെയും കസ്റ്റഡിയിലെടുത്തത്. കപ്പല്‍ പിന്നീട് മുംബൈയിലേക്ക് തിരികെയെത്തിച്ച് ഇവരെ ഇറക്കിയശേഷം ഗോവയ്ക്ക് യാത്രതുടര്‍ന്നു. കപ്പലില്‍ 100 യാത്രക്കാര്‍ ഉണ്ടായിരുന്നു.
ലഹരിപ്പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ഒരുലക്ഷം രൂപയായിരുന്നു ടിക്കറ്റ്. ആര്യന്‍ഖാന്‍ പ്രത്യേക ക്ഷണിതാവായിരുന്നു എന്നാണ് പറയപ്പെടുന്നത്. പിടിയിലായവരില്‍ ദല്‍ഹിയിലെ ഒരു വ്യാപാരിയുടെ മക്കളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ആര്യന്റെ അറസ്റ്റുവിവരം അറിഞ്ഞ് അമ്മ ഗൗരിഖാന്‍ ഉച്ചയോടെ കോടതിയിലെത്തി. പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ സതീഷ് മാനേ ഷിന്‍ഡെ ആര്യനുവേണ്ടി എന്‍.സി.ബി. ഓഫീസില്‍ എത്തി. ഇതിനിടെ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
 

Latest News