Sorry, you need to enable JavaScript to visit this website.

കോര്‍ഡെലിയ ഒഴുകുന്ന ആഡംബര കൊട്ടാരം; 11 നിലകള്‍, അഞ്ച് ബാറുകള്‍, നീന്തല്‍ക്കുളം

മുംബൈ- മയക്കുമരുന്ന് പാര്‍ട്ടി നടത്തി വിവാദമായ കപ്പല്‍ കോര്‍ഡെലിയ ഒഴുകുന്ന ആഡംബര കൊട്ടാരമാണ്. കടലിന്റെ മകളെന്നാണ് കോര്‍ഡെലിയ എന്ന വാക്കിന്റെ അര്‍ഥം. രണ്ടാഴ്ച മുമ്പാണ് ഈ കപ്പല്‍ ഉദ്ഘാടനം ചെയ്തത്. 1,200 പേര്‍ക്ക് കപ്പലില്‍ സഞ്ചരിക്കാനാവും. 11 നിലകളിലായി 796 കാബിനുകളുണ്ട്.
നീന്തല്‍ക്കുളം, മൂന്ന് റെസ്‌റ്റോറന്റുകള്‍, ഫിറ്റ്‌നസ് സെന്ററുകള്‍, സ്പാ, തിയേറ്റര്‍, കാസിനോ, നൈറ്റ് ക്ലബ്, ഡി.ജെ. പാര്‍ട്ടികള്‍, അഞ്ച് ബാറുകള്‍, ലൈവ് ബാന്‍ഡുകള്‍, ഷോപ്പിങ് തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ളതാണു കപ്പല്‍. മെനു കാര്‍ഡില്‍ നൂറിലധികം വിഭവങ്ങള്‍. മൂന്ന് രാത്രിയും നാല് പകലും നീളുന്ന കപ്പല്‍ യാത്രയ്ക്ക് 22,000 രൂപ മുതല്‍ 30,000 രൂപ വരെയാണു നിരക്ക്. മുംബൈ കൊച്ചി സര്‍വിസും ഇവര്‍ നടത്തുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്റെ പഴയ ക്രൂസ് കപ്പലാണിത്. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്. കുട്ടികള്‍ക്കായുള്ള വലിയ കളിസ്ഥലവും മുകളിലേക്ക് പോകാനും ഇറങ്ങാനും ലിഫ്റ്റുകളുമുണ്ട്. ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലെ ഐ.ആര്‍.സി.ടി.സിയും കോര്‍ഡെലിയ ക്രൂയിസ് കപ്പല്‍ സര്‍വീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
ഒക്ടോബര്‍ രണ്ടുമുതല്‍ നാലു വരെയാണ് കപ്പലില്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നതെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മുംബൈ തുറുമുഖത്തുനിന്ന് കപ്പല്‍ പുറപ്പെട്ടത്. സംഗീത പരിപാടി എന്ന നിലയിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. നൂറോളം ടിക്കറ്റ് വിറ്റുപോയി. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ചേര്‍ന്ന് ഫാഷന്‍ ടി.വി.യാണ് പരിപാടിയുടെ സംഘാടകര്‍. സാമൂഹികമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ വഴിയായിരുന്നു പാര്‍ട്ടിക്ക് ആളെക്കൂട്ടിയത്.മുംബൈ തീരത്തുനിന്ന് നടുക്കടലില്‍ എത്തിയപ്പോള്‍ പാര്‍ട്ടി തുടങ്ങി. കപ്പലില്‍ ഉണ്ടായിരുന്ന എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പാര്‍ട്ടിക്കിടെ പരസ്യമായി ലഹരിമരുന്ന് ഉപയോഗിച്ചവരെ അറസ്റ്റുചെയ്തു. ഏഴു മണിക്കൂറോളം പരിശോധന നീണ്ടു.
 

Latest News