തിരുവനന്തപുരം - സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഡോ. ഖദീജ മുംതാസിന്റെ 'ബർസ' എന്ന നോവലിലെ സബിത എന്ന കഥാ പാത്രം തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗത്തിൽ പ്രവാസിയെ പ്രതിനിധീകരിച്ചു. പൊടി മണലൂതുന്ന മരുഭൂമിയിലെ വന്യ തീക്ഷ്ണത ചുറ്റി വരിയുമ്പോൾ ബർസയിലെ നായിക സ്വന്തം നാടിന്റെ മൃതുസ്പർശങ്ങളെക്കുറിച്ചാണോർക്കുന്നത്. ഇടവഴിയും, വാഴത്തോപ്പുകളും, തെങ്ങു കയറ്റത്തിന്റെ ആർപ്പും, കുത്തിയൊഴുകുന്ന തോടിന്റെ കുശലം പറച്ചിലും ഇനിയൊരിക്കലും തിരികെ പിടിക്കാനാകാത്ത വിദൂര സ്മൃതികളാണോ എന്നാണ് പ്രവാസിയായ സബിത നോവലിൽ നെടുവീർപ്പിടുന്നത്.
' സർ , ഓരോ പ്രവാസിമലയാളിയും, ഈ ഗൃഹാതുരത്വത്തോടൊപ്പം നാടിന്റെ സാമ്പത്തിക , സമൂഹിക വളർച്ചയെക്കുറിച്ചും വേവലാതിപ്പെടുന്നുണ്ട്. പ്രവാസിയായി തുടരുമ്പോഴും തന്റെയും അടുത്ത തലമുറയുടെയും വാസസ്ഥാനം കേരളം തന്നെയായിരിക്കണം എന്നാണ് മഹാ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്'
ബജറ്റിൽ ഖദീജാ മുംതാസിനെ കൂട്ട് പിടിച്ച് തോമസ് ഐസക്ക് പറഞ്ഞ വാക്കുകൾ പ്രവാസി മനസ്സിന്റെ നേർവായനയായി. ഉപ്പയുടെ ചികിത്സക്കായി പണ്ടങ്ങൾ ഓരോന്നായി പണയം വെക്കുമ്പോഴുള്ള ഉമ്മയുടെ മുഖത്തെ നിസംഗത അലട്ടിയ കുട്ടിക്കാലം ബി.എം.സുഹറയുടെ ഒരു കഥാപാത്രം ഓർമിക്കുന്നു. ഗൾഫിൽ പോയിട്ടായാലും കുറച്ചു കാശുണ്ടാക്കി ഉമ്മയുടെ കണ്ണീരു തുടക്കാൻ സാധിച്ചിരുന്നുവെങ്കിലെന്ന 'പ്രകാശത്തിന് മേൽപ്രകാശം' എന്ന നോവലിലെ ഖാദറിന്റെ നെടുവീർപ്പ് മന്ത്രി പ്രസംഗത്തിൽ ഉദ്ധരിക്കുമ്പോൾ അതും സാധാരണ പ്രവാസിയുടെ നെടുവീർപ്പായി.
ലോക കേരള സഭയുടെ ചൂടാറും മുമ്പ് അതേ വേദിയിൽ നടന്ന ബജറ്റ് പ്രസംഗം പ്രവാസിയോട് കുറച്ചെങ്കിലും നീതി പുലർത്തുന്നതുമായി- പ്രവാസി മേഖലക്ക് ഇത്തവണ വകയിരുത്തിയ തുക 80 കോടി. കേരള-അറബ് സാംസ്‌കാരിക പഠന കേന്ദ്രം സ്ഥാപിക്കാൻ 10 കോടി നീക്കിവെച്ചതും ഗൾഫ് പ്രവാസിയുടെ മനസറിഞ്ഞു തന്നെ.
രണ്ട് മണിക്കൂറും 40 മിനിറ്റും നീണ്ട പ്രസംഗത്തിൽ വനിതാ എഴുത്തുകാർ നിറഞ്ഞുനിന്നു. സുഗതകുമാരി ടീച്ചറിലായിരുന്നു തുടക്കം. ബജറ്റിലെ ഓരോ പദ്ധതിയും സ്ത്രീപക്ഷത്തുനിന്ന് പരിശോധിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായിരുന്നു വനിതാ എഴുത്തുകാരുടെ വരികളും വാചകങ്ങളും പ്രസംഗത്തിൽ ചേരുംപടി ചേർന്നത്.
'കടലമ്മതൻ മാറിൽ കളിച്ചു വളർന്നവർ, കരുത്തർ
ഉയിർത്തെഴുന്നേൽക്കുന്നു വീണ്ടും , ഞങ്ങൾ'
കെടുതികളെ അതിജീവിച്ച് തീരങ്ങൾ തിരിച്ചു വരുമെന്ന് പറയാനായിരുന്നു സുഗതകുമാരിയുടെ ഈ വരികൾ. തൊട്ടടുത്ത് തന്നെ കടലിന്റെ മക്കളുടെ ജീവിതം പറയാൻ സാറാ തോമസിനെയും മന്ത്രി ചേർത്തു നിർത്തുന്നു. സാറാ തോമസിന്റെ 'വലക്കാർ 'എന്ന നോവലിലെ കഥാപാത്രത്തെക്കൊണ്ട് മന്ത്രി ഇങ്ങിനെ പറയിപ്പിക്കുന്നു; അച്ചനറിയാമ്മേല ഞങ്ങടെ പെണ്ണുങ്ങടെ കാര്യം, ഞങ്ങൾ മീൻ പിടിച്ച് കരയിലെത്തിക്കുകയെയുള്ളൂ. വിറ്റു കിട്ടുന്ന കാശുകൊണ്ട് വീടു നടത്തേണ്ട ഭാരം ആ പാവത്തുങ്ങൾക്കാ..'
സാമൂഹ്യ സുരക്ഷയെക്കുറിച്ചും പാവങ്ങൾക്ക് നല്ല ഭക്ഷണം കൊടുക്കുന്നതിനെപ്പറ്റിയും പറയാൻ പി. വത്സലയുടെ നെല്ലിലെ വരികളായിരുന്നു പിന്തുണ, ലളിതാംബിക അന്തർജനം,സാറാജോസഫ്, ഇന്ദുമേനോൻ, ഗ്രേസി,സാവിത്രി രാജീവൻ, ജയശ്രീ മിശ്ര,വിജയ ലക്ഷ്മി, കെ.ആർ.മീര, ധന്യ, കെ.എ. ബീന അമൃതാ പ്രീതം, ഡോണ മയൂര, സിസ്റ്റർ മേരി ബെനീഞ്ഞ എന്നിവരിലൂടെയെല്ലാം കടന്ന് പോയ സ്ത്രീപക്ഷം ചേർന്നുള്ള സാഹിത്യ സഞ്ചാരം ബാലാമണി അമ്മയുടെ നവകേരളം എന്ന കവിതയിലാണ് ചെന്നവസാനിക്കുന്നത്.
'വന്നുദിക്കുന്നു ഭാവനയിങ്ക-
ലിന്നൊരുനവലോകം
വിസ്ഫുരിക്കുന്നുഭാവനയിലാ-
വിജ്ഞമാനിതം കേരളം.'
വിവിധ വിഷയങ്ങൾക്ക് ചേരുന്ന വരികൾ തിരഞ്ഞു ചെന്നപ്പോൾ എൻ.പി സ്‌നേഹ എന്ന കൊച്ചുമിടുക്കി സ്‌കൂൾ യുവജനോത്സവത്തിൽ ഒന്നാം സമ്മാനം നേടിയ കവിതയും തോമസ് ഐസക്കിന്റെ കണ്ണിൽപ്പെട്ടു. അതിനെ കുറിച്ച് തോമസ് ഐസക്ക് തന്റെ മുഖ പുസ്തകത്തിൽ ഇങ്ങിനെ പറയുന്നു; അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികൾ. അടുക്കളയിൽ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാൻ സ്‌നേഹയ്ക്കു കഴിഞ്ഞു. ഹൈസ്‌ക്കൂൾ ക്ലാസിൽ പഠിക്കുമ്പോഴാണ് സ്‌നേഹ ഈ വരികളെഴുതിയത്. പുലാപ്പറ്റ എം.എൻ.കെ.എം ഹയർസെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് സ്‌നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകൾ.
സനേഹയുടെ വരികൾ;
കെമിസ്ട്രിസാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്
പരീക്ഷിച്ച് നിരീക്ഷിച്ച് നിന്നപ്പോഴാണ് കണ്ടത്
വെളുപ്പിനുണർന്ന്
പുകഞ്ഞ്, പുകഞ്ഞ്
തനിയെ സ്റ്റാർട്ടാകുന്ന
കരിപുരണ്ട, കേടു വന്ന
ഒരു മെഷീൻ,
അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉദ്പ്പാതിപ്പിക്കുന്നുണ്ടെന്ന്.
എകെജിയ്ക്ക് ജന്മനാടായ പെരളശ്ശേരിയിൽ സ്മാരകം സ്ഥാപിക്കുമെന്ന പ്രഖ്യാപനം കേട്ടപ്പോൾ അംഗങ്ങളുടെ കണ്ണുകൾ അറിയാതെ വി.ടി ബലറാമിന്റെ സീറ്റിലേക്ക് പോയത് സ്വാഭാവികം.
'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അടിച്ചമർത്തപ്പെട്ടവന്റെ ഉയർത്തെഴുന്നേൽപ്പിനും ഒരേ പ്രാധാന്യം കൊടുത്ത് പ്രക്ഷോഭമുഖത്ത് തീജ്വാലപോലെ ആഞ്ഞുവീശിയ വിപ്ലവകാരിയായിരുന്നു എകെജി. അടിയുറച്ച രാഷ്ട്രീയ ബോധ്യത്തിന്റെ പിൻബലത്തിൽ നവോഥാന കേരള സൃഷ്ടിയ്ക്കു വേണ്ടി പടപൊരുതിയ എകെജി ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ എന്നും ജ്വലിക്കുന്ന കേരളത്തിന്റെ അധ്യായമാണ്.
ജന്മനാടായ പെരളശേരിയിൽ നടന്ന പോലീസ് അതിക്രമങ്ങൾക്കെതിരെ ശാരീരികമായ അവശത അവഗണിച്ച് നിശ്ചയദാർഢ്യത്തോടെ പൊരുതി വിജയിച്ച എകെജിയെ 'ഇഷ്ടതോഴൻ, ഭർത്താവ് , സഖാവ്, നേതാവ്' എന്ന ലേഖനത്തിൽ സുശീലാഗോപാലൻ അനുസ്മരിക്കുന്നതൊ
ക്കെ പറഞ്ഞാണ് ബലറാമിനുള്ള വ്യംഗ്യമായ മറുപടി പൂർത്തീകരിച്ചത്. നിരാഹാരം പ്രഖ്യാപിച്ച പ്രിയ സഖാവിനോട് ആരോഗ്യത്തെക്കുറിച്ചു സൂചിപ്പിച്ചപ്പോൾ, 'ആയിരം തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞ 24 ദിവസമായി പട്ടിണിയിലാണ്. ഈ ഗ്രാമത്തിലെ ആയിരക്കണക്കായ കുടുംബങ്ങൾക്ക് ഉപ്പുപോലും വാങ്ങാൻ കഴിയുന്നില്ല. അവരുടെ കഷ്ടപ്പാടുകളേക്കാൾ വലുതാണോ എന്റെ ആരോഗ്യം?' എന്നു തട്ടിക്കയറിയെ എകെജിയെയും അദ്ദേഹത്തിന്റെ കാലഘട്ടത്തെയും അനുഭവങ്ങളുടെയും ചരിത്രപാഠങ്ങളുടെയും പിൻബലത്തോടെ പുതിയ തലമുറയ്ക്കു പകർന്നു നൽകേണ്ടതുണ്ട്. മന്ത്രി ബജറ്റ് പ്രസംഗത്തിൽ നടത്തിയ പ്രഖ്യാപനം എ.കെ.ജിയെ ഫേസ് ബുക്കിൽ വിമർശിച്ച ബലറാമിനെ വിട്ടാലും വിടില്ലെന്ന കമ്യൂണിസ്റ്റ് സംഘബോധത്തിന്റെ രേഖാമൂലമുള്ള പ്രഖ്യാപനമായി.
എൻ.ആർ.ഐ ചിട്ടിക്കാര്യം വിവരിക്കവേ, അതൊരു പലിശ ഇടപാടല്ലെന്ന് മന്ത്രി പ്രത്യേകം എടുത്തു പറയുന്നുണ്ടായിരുന്നു. ചിട്ടിക്ക് സ്വീകാര്യത വർദ്ധിപ്പിക്കണമെന്ന് മന്ത്രി എല്ലാവരേയും ഉണർത്തി. ഇതൊക്കെ വെറും ഭാവനയായി ആരും കാണേണ്ടതില്ല. എല്ലാം നടക്കും- നവകേരള സൃഷ്ടി മുന്നിൽ കണ്ട് സർ, 2018-19ലെ ബജറ്റും ഈ സഭയുടെ അംഗീകാരത്തിന് സമർപ്പിക്കുന്നു. തോമസ് ഐസക്കിന്റെ വാക്കുകളിൽ ശുഭാപ്തി.
സാമ്പത്തിക മുരടിപ്പിന്റെ അനിശ്ചിതാവസ്ഥയിലുള്ള ബജറ്റ് പ്രസംഗത്തിൽ സ്വാഭാവികമായും ഭരണ ബെഞ്ചിന് കൈയ്യടിക്കാനുള്ള അവസരം വളരെ കുറവായിരുന്നു. മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മയും പ്രൊഫ. രവീന്ദ്രനാഥുമടങ്ങുന്ന സംഘം കിട്ടിയ അവസരങ്ങളിലൊക്കെ ആ ദൗത്യം നന്നായി നിർവ്വഹിച്ചു. പ്രസംഗം ഏതാണ്ട് പകുതി സമയം പിന്നിട്ടപ്പോൾ വി.എസ് അച്യുതാനന്ദൻ സഭയിൽനിന്ന് പുറത്തേക്ക് പോകുന്നത് കാണാമായിരുന്നു.