സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ആറുലക്ഷം കവര്‍ന്ന യുവാവ് പിടിയില്‍

ഇടുക്കി- കട്ടപ്പന ഇരട്ടയാറ്റില്‍ സ്വര്‍ണവ്യാപാരിയെ കുത്തി പരിക്കേല്‍പിച്ച് പണം കവര്‍ന്ന കേസില്‍ ഈട്ടിത്തോപ്പ് സ്വദേശി ഇടപ്പാട്ട് മനീഷ് എന്നു വിളിക്കുന്ന ബിബിന്‍ ശിവദാസ് (35) അറസ്റ്റിലായി.  
കഴിഞ്ഞ 30 ന് രാത്രി 8.30 നാണ് സംഭവം. ഇരട്ടയാര്‍ ടൗണില്‍ ഏഞ്ചല്‍ ജ്വല്ലറി നടത്തുന്ന എഴുംകുംവയല്‍ സ്വദേശി മാക്കല്‍ സിജോയെ പഴയ സ്വര്‍ണം നല്‍കാമെന്നു പറഞ്ഞ് ചെമ്പകപ്പാറ പള്ളിക്കാനത്തേക്ക് വിളിച്ചു വരുത്തി കത്തികൊണ്ട് കഴുത്തില്‍ മുറിവേല്‍പിച്ചതിന് ശേഷം ആറു ലക്ഷം രൂപ അപഹരിക്കുകയായിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാന്ത്മോന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഈട്ടിത്തോപ്പിലെ വീട്ടില്‍നിന്നും കുത്താന്‍ ഉപയോഗിച്ച കത്തിയും കൃഷിയിടത്തില്‍ ഒളിപ്പിച്ച നിലയില്‍ നാലര ലക്ഷം രൂപയും കണ്ടെടുത്തു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പീരുമേട് സബ് ജയിലില്‍ റിമാന്റു ചെയ്തു.

 

Latest News