Sorry, you need to enable JavaScript to visit this website.

ഹണിട്രാപ്പില്‍ കുടുങ്ങുന്ന പോലീസുകാര്‍; വലിയ നാണക്കേടാണെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം- പോലീസ് ഉദ്യോഗസ്ഥര്‍ ഹണി ട്രാപ്പില്‍ കുടുങ്ങുന്നത് വലിയ നാണക്കേടാണെന്നും അതീവ ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്തി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. പോലീസ് സേനക്കെതിരേ വിവിധ ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.
അഴിമതിക്കാരായ പോലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കണം. സേനയില്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ ചുരുക്കം ചിലര്‍ ചെയ്യുന്ന അഴിമതി ആണെങ്കിലും നാണക്കേട് മൊത്തം സേനയ്ക്കാണ്. അതുകൊണ്ടുതന്നെ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരേ കണ്ടെത്താനും നടപടി സ്വീകരിക്കാനും പ്രത്യേക സംവിധാനം വേണം.

പൊതുജനങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന വിഭാഗമായതിനാല്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ജാഗ്രത വേണം. പോലീസുകാര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കുന്ന പരിപാടികളില്‍ ജാഗ്രത പുലര്‍ത്തണം. അനാവശ്യ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതില്‍ പോലീസ് നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രശംസിച്ചു.
സ്ത്രീ പീഡനം സംബന്ധിച്ച് ലഭിക്കുന്ന പരാതികളില്‍ ഒരു വീഴ്ചയും പാടില്ല. കേസ് അന്വേഷണത്തില്‍ കാലതാമസമുണ്ടായെന്ന പരാതിയുണ്ടാകരുത്. ഇരയെ പൂര്‍ണമായും പിന്തുണയ്ക്കുന്ന നടപടിയാകണം പോലീസിന്റേതെന്നും ഇത്തരം പരാതികളിലെ അന്വേഷണ പുരോഗതി ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ ഭാഷയും പെരുമാറ്റവും അങ്ങേയറ്റം മാന്യതയോടെയും സഹായമനസ്‌കതയോടെയും ആയിരിക്കണം. പോലീസ് സ്‌റ്റേഷനില്‍ വരുന്നവര്‍ക്ക് ഏറെ സമയം കാത്തിരിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. പോലീസുകാര്‍ക്ക് വ്യക്തിപരമായി മാനസിക സമ്മര്‍ദ്ദം ഉണ്ടായാല്‍ അത് പൊതുജനങ്ങളോടുള്ള ഇടപെടലില്‍ പ്രതിഫലിക്കരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡി.ജി.പി വരെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Latest News