പരിയാരം- ഡോക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. പിലാത്തറയിലെ സര്‍വ്വീസ് സ്റ്റേഷന്‍ ഉടമ പിലാത്തറ മേരി മാതാ സ്‌കൂളിന് സമീപം നസ്‌റിയ വില്ലയില്‍ നജീബിനെയാണ് (38) പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിനിയായ യുവതിയില്‍ നിന്ന് ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതി ആറ് ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. 2020 ഡിസംബര്‍ മുതല്‍ ഫോണില്‍ ബന്ധപ്പെട്ടാണ് യുവാവ് പണം തട്ടിയെടുത്തത്. കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയിലെ ഡോക്ടറാണെന്നാണ് തെറ്റിദ്ധരിപ്പിച്ചിരുന്നത്.
പ്രതി ഈ രീതിയില്‍ നിരവധി പേരെ വഞ്ചിച്ചിരുന്നതായി ഇപ്പോള്‍ പരാതി വന്നിട്ടുണ്ട്. പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത.് പ്രതി തട്ടിപ്പുകാരനാണെന്നും ഡോക്ടറെല്ലെന്നും മനസിലായതോടെ 2021 ഏപ്രില്‍ 15നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത.് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






