Sorry, you need to enable JavaScript to visit this website.

അജ്ഞാത സുന്ദരിമാർ പുതിയ ഭാവത്തിൽ, പ്രലോഭനങ്ങളിൽ വീണാൽ മാനം പോകും

കോഴിക്കോട് : നിങ്ങളുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ഒട്ടും പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്ന് വീഡിയോ കോൾ വരുന്നുണ്ടോ ഉണ്ടെങ്കിൽ ഒരു കാര്യം ഉറപ്പിക്കാം നിങ്ങളുടെ നഗ്‌നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ലോകത്തിന്റെ ഏതോ കോണിൽ നിന്ന് ഒരു അജ്ഞാത സുന്ദരി ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. തേൻ പുരട്ടിയ വാക്കുകളിൽ നിങ്ങളുടെ സുഖ വിവരം അന്വേഷിക്കുന്ന സുന്ദരിക്ക് മറുപടി നൽകാതിരിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ നിങ്ങൾ കെണിയിൽപ്പെട്ടതായിത്തന്നെ കരുതാം.
വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ സുന്ദരി പതുക്കെ വിവസ്ത്രയാകാൻ തുടങ്ങുന്നു. ഏതാനും സെക്കന്റുകൾ നിങ്ങൾ നഗ്‌നത ആസ്വദിച്ചാൽ മതി കുടുങ്ങിയത് തന്നെ. താൽപര്യമില്ലാതെ ഫോൺ കട്ട് ചെയ്താൽ  പോലും അടുത്ത നിമിഷം അജ്ഞാത സുന്ദരി വിവസ്ത്രയാകുന്നതും നിങ്ങൾ നഗ്‌നത ആസ്വദിക്കുന്നതുമായ ലൈവ് വീഡിയോ നിങ്ങളുടെ മൊബൈലിലെത്തും. അഥവാ നഗ്‌നത ആസ്വദിക്കാൻ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുകയാണെങ്കിൽ അവരെപ്പോലെ നഗ്‌നരാകാൻ പ്രേരിപ്പിക്കുകയും അതും നല്ല രീതിയിൽ തന്നെ വീഡിയോയിൽ പകർത്തുകയും ചെയ്യും.
നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം നാട്ടുകാർക്കുമെല്ലാം ഈ വീഡിയോ അയച്ചു നൽകുമെന്നും ഇല്ലെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെടും. എവിടെയോ കിടക്കുന്ന അജ്ഞാത സുന്ദരിക്ക് എങ്ങനെ നിങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം വിവരങ്ങൾ കണ്ടുപിടിക്കാനാകുമെന്ന് കരുതിയാൽ തെറ്റി. നിങ്ങളുടെ ഫെയ്‌സ് ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്ത് കിട്ടിയ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വിവരങ്ങൾ അടുത്ത മെസേജിൽ മണി മണിയായി പറഞ്ഞു തരും. വെട്ടിലായെന്ന് ബോധ്യപ്പെടുന്നതോടെ മാനം രക്ഷിക്കാൻ അവർ ആവശ്യപ്പെടുന്ന വലിയ തുക അവർ പറയുന്ന അക്കൗണ്ടിലേക്ക് അയക്കാൻ നിങ്ങൾ നിർബന്ധിതനാകുന്നു. അഥവാ പണം നൽകിയില്ലെങ്കിൽ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊബൈലുകളിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എത്തും. പണം കിട്ടിക്കഴിഞ്ഞാൽ 'തേൻ സുന്ദരി' അടുത്ത ഇരയ്ക്ക് വേണ്ടിയുള്ള തിരച്ചിലിലാകും. നിങ്ങൾ ശരിക്കും ഭയപ്പെട്ടെന്ന് മനസ്സിലായാൽ ചിലപ്പോൾ വീഡിയോ കോളിൽ വന്ന് വീണ്ടും പണം ആവശ്യപ്പെടാനും സാധ്യതയുണ്ട്.
വാട്‌സ്ആപ്പ് വഴിയുള്ള ഹണിട്രാപ്പ് കോവിഡ് ആരംഭിച്ചത് മുതൽ തന്നെ വ്യാപകമാണെങ്കിലും ഇപ്പോൾ പുതിയ രൂപത്തിലും ഭാവത്തിലുമാണ് സുന്ദരിമാരുടെ തട്ടിപ്പെന്ന് പോലീസിലെ സൈബർ വിഭാഗം മുന്നറിയിപ്പ് നൽകുന്നു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇത്തരം തട്ടിപ്പുകളിൽ പെടുന്നവരുടെ എണ്ണം ദിവസം തോറും പെരുകി വരികയാണെന്നാണ് പോലീസ് പറയുന്നത്. മാനഹാനി ഭയന്ന് തട്ടിപ്പിന് ഇരയായ വലിയൊരു വിഭാഗം ആളുകൾ പരാതിപ്പെടാൻ തയ്യാറാകുന്നില്ലെങ്കിലും ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് പോലീസ് സൈബർ സെല്ലുകളിൽ എത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും പരാതികൾ വ്യാപകമാകുകയാണ്.
സൈബർ ചതിക്കുഴികളെക്കുറിച്ച് അറിയാത്ത സാധാരണക്കാരായ ആളുകളല്ല മറിച്ച് മൊബൈൽ ഫോണും കമ്പ്യൂട്ടറുമെല്ലാം നല്ല രീതിയിൽ ഉപയോഗിക്കാനറിയാവുന്ന ഉയർന്ന ജോലിക്കാരും ബിസിനസുകാരും പ്രൊഫഷണലുകളുമൊക്കെയാണ് അധികവും തട്ടിപ്പുകാരുടെ വലയിൽ പെടുന്നതെന്നതാണ് വാസ്തവം.
നേരത്തെ +18, +44 എന്നിങ്ങനെ തുടങ്ങുന്ന ഫോൺ നമ്പറിൽ നിന്ന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ച് ദിവസങ്ങളോളം ബന്ധപ്പെട്ട് പ്രലോഭനങ്ങളിൽ വീഴ്ത്തി നഗ്‌നമായ വീഡിയോകളും ചിത്രങ്ങളും കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ അതെല്ലാം മാറി. ടെക്‌നോളജിയുടെ പുതിയ തന്ത്ര ങ്ങളിലൂടെയാണ് ഇപ്പോഴത്തെ കളി. അജ്ഞാത വീഡിയോ കോൾ എടുത്താൽ തന്നെ കെണിയിൽ പെട്ടുവെന്നർത്ഥം.
എന്നാൽ അജ്ഞാത സുന്ദരിമാരിൽ ശരിക്കുമുള്ള സുന്ദരികൾ കുറച്ചേ ഉള്ളൂ. സ്ത്രീകൾ വിവസ്ത്രരാകുന്ന വീഡിയോകൾ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് വാട്്‌സ്ആപ്പിൽ ലൈവ് വോയ്‌സ് ചെയ്തുകൊണ്ട് പുരുഷൻമാരാണ് കൂടുതലും തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇക്കഥയറിയാതെ യഥാർത്ഥ സുന്ദരി വിളിക്കുകയാണെന്ന് കരുതിയാണ് എല്ലാവരും പ്രലോഭനങ്ങളിൽ വീണ് പോകുന്നത്.
തിരുവനന്തപുരത്തെ ഒരു യുവ ഡോക്ടർ മുൻപ് പരാതിയുമായെത്തിയതോടെയാണ് കേരളത്തിൽ ഈ തട്ടിപ്പ് സംബന്ധിച്ച് വിവരങ്ങൾ പുറത്താകുന്നത്. അപ്പോൾ തന്നെ സൈബർ പോലീസ് ഇതിനെതിരെ ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വലിയ ഫലമൊന്നും ഉണ്ടായില്ല. ഇയ്യാംപാറ്റകളെപ്പോലെ ആളുകൾ പിന്നെയും ഇതിലേക്ക് ആകർഷിക്കപ്പെടുന്നു.
നേരത്തെ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പെങ്കിൽ ഇപ്പോൾ രാജ്യത്തിനകത്ത് തന്നെയാണ് അജ്ഞാത സുന്ദരികൾ വിളയാടുന്നത്. കഴിഞ്ഞ ദിവസം ഒരു ഡി.വൈ.എഫ്.ഐ നേതാവിന്റെ വീഡിയോകൾ ഇത്തരത്തിൽ പ്രചരിച്ചിരുന്നു. എതിർ പാർട്ടിക്കാർ ഇതിന് പരമാവധി പബ്ലിസിറ്റി കൊടുക്കുകയും ചെയ്തു. അജ്ഞാത സുന്ദരിയുടെ വലയിൽ കുടുങ്ങിയത് സംബന്ധിച്ച് മുഴുവൻ കാര്യങ്ങളും വെളുപ്പെടുത്തിക്കൊണ്ട് അദ്ദേഹം പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. അജ്ഞാത വാട്‌സ്ആപ്പ് കോളുകളും സന്ദേശങ്ങളും  വരുമ്പോൾ കട്ട് ചെയ്യുക മാത്രമാണ് മാനവും പണവും  പോകാതിരിക്കാനുള്ള ഏക വഴി.

Latest News