ഗുവാഹത്തി- അസമിലെ ദറങ് ജില്ലയില്‍ ആയിരത്തോളം മുസ്‌ലിം കുടുംബങ്ങളെ മുന്നറിയിപ്പില്ലാതെ കുടിയൊഴിപ്പിച്ച് പോലീസ് വെടിവെപ്പിലൂടെ ആട്ടിയോടിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എംഎല്‍എ ഷര്‍മാന്‍ അലി അഹ്‌മദിനെ പോലീസ് അറസ്റ്റ് ചെയ്തു. അസം പ്രക്ഷോഭകാലത്ത് 38 വര്‍ഷം മുമ്പ് ദറങ് ജില്ലയില്‍ കൊല്ലപ്പെട്ട എട്ടു പേര്‍ കൊലയാളികളാണെന്ന എംഎല്‍എയുടെ പരാമര്‍ശമാണ് വിവാദമായത്. ഈ എട്ടു പേര്‍ രക്തസാക്ഷികളായാണ് അസമില്‍ അറിയപ്പെടുന്നത്. ദറങില്‍ ഇവര്‍ കൊല്ലപ്പെട്ട സംഭവത്തെ എംഎല്‍എ ന്യായീകരിച്ചു എന്ന രീതിയില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂനിയനും യുവ മോര്‍ച്ചയും എംഎല്‍എക്കെതിരെ പലയിടത്തും പരാതിയും നല്‍കി. പിന്നാലെ കോണ്‍ഗ്രസും ഷര്‍മാന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. വര്‍ഗീയമായി പ്രകോപനമുണ്ടാക്കുന്ന പരാമര്‍ശമാണിതെന്നും ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും കാണിച്ചാണ് നോട്ടീസ്.
ദറങ് ജില്ലയില്‍ 1983ലാണ് എംഎല്‍എ പരാമര്‍ശിച്ച സംഭവം നടന്നത്. ആറു വര്‍ഷം നീണ്ട അസം പ്രക്ഷോഭ കാലത്ത് ദറങിലെ സിപജാറില്‍ കയ്യേറ്റക്കാര്‍ ആറു പേരെ കൊന്നിട്ടുണ്ട് എന്ന ചില ബിജെപി നേതാക്കളുടെ പരാമര്‍ശത്തിന് മറുപടി ആയാണ് ഷര്‍മാന്‍ ഇവര്‍ രക്തസാക്ഷികളല്ലെന്നും കൊലയാളികളാണെന്നും പറഞ്ഞത്. ഇവര്‍ക്ക് സിര്‍പജാറിനെ ന്യൂനപക്ഷ സമുദായക്കാരെ കൊല്ലുന്നതില്‍ പങ്കുണ്ടായിരുന്നുവെന്നും ഇവര്‍ക്കെതിരെ നടന്ന ആക്രമണം പ്രദേശത്തെ മുസ് ലിംകളുടെ സ്വയംപ്രതിരോധമായിരുന്നുവെന്നും എംഎല്‍എ പറഞ്ഞതോടെ പ്രസ്താവന വലിയ വിവാദമാകുകയായിരുന്നു.
അസം പ്രക്ഷോഭ കാലത്ത് രൂപം കൊണ്ട അസം ഗണപരിഷത്ത് ഈ പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചു. പലയിടത്തും എംഎല്‍എയുടെ കോലവും കത്തിച്ചു.