പാലക്കാട്- ബജറ്റ് പ്രസംഗങ്ങളില്‍ സാഹിത്യത്തിന് ഇടം ലഭിക്കുന്നത് പുതമയല്ല. എന്നാല്‍ വെള്ളിയാഴ്ച ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ സാഹിത്യത്തിന് ഒരു പ്രത്യേകയുണ്ട്. എഴുത്തുകാരികളുടെ വരികളാണ് ബജറ്റ് പ്രസംഗത്തിലൂടനീളം പരാമര്‍ശിക്കപ്പെട്ടത്. സുഗത കുമാരി, കെ.ആര്‍ മീര, ഖദീജ മുംതാസ് തുടങ്ങി പ്രശസ്തരുടെ വരികള്‍ പലയിടത്തും മന്ത്രി ഉദ്ധരിച്ചു. എന്നാല്‍ താരമായത് ഒരു കൊച്ചു കവയിത്രിയാണ്. പാലക്കാട് എം.എന്‍.കെ.എം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി എന്‍. പി സ്‌നേഹ. 2015ല്‍ ചെര്‍പ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തില്‍ കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയ സ്‌നേഹയുടെ 'ലാബ്' എന്ന ചെറു കവിതയാണ് ബജറ്റ് പ്രസംഗത്തിന്റെ ഏഴാം ഖണ്ഡികയില്‍ ഇടം നേടി നിയമസഭാ രേഖകളുടെ ഭാഗമായത്.
പുരസ്‌കാരങ്ങളേക്കാള്‍ മധുരമുള്ള അപ്രതീക്ഷിത അംഗീകാരത്തില്‍ ഇപ്പോഴും അമ്പരപ്പ് മാറിയിട്ടില്ല സ്‌നേഹയ്ക്ക്. പത്താം ക്ലാസിലായിരിക്കുമ്പോള്‍ എഴുതിയ കവിതയാണിത്. സത്രീകളുടെ അറിയപ്പെടാതെ പോകുന്ന വിഷമങ്ങളാണ് 'ലാബ്' എന്ന ഈ ചെറുകവിതയുടെ പ്രമേയം. ഇപ്പോള്‍ ഇതേ സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയാണ് സ്‌നേഹ. ഈ സന്തോഷ വാര്‍ത്ത എത്തുമ്പോള്‍ വെള്ളിയാഴ്ച ഫിസിക്‌സ് ലാബില്‍ വാര്‍ഷിക പരീക്ഷകള്‍ക്കു മുന്നോടിയായുള്ള പ്രാക്ടിക്കല്‍ സെഷനുകള്‍ പൂര്‍ത്തിയാക്കുന്ന തിരക്കിലായിരുന്നു സ്‌നേഹ. എന്നെ അന്വേഷിച്ച് പ്രിന്‍സിപ്പല്‍ ലാബിലേക്ക് കയറി വന്നപ്പോള്‍ ആദ്യം അമ്പരന്നു. പിന്നീട് മൊബൈല്‍ കൈമാറി. സംസാരിച്ചപ്പോള്‍ ധനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും ലാബ് എന്ന കവിത മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഈ അംഗീകാരത്തില്‍ വലിയ സന്തോഷമുണ്ട്- സ്‌നേഹ മലയാളം ന്യൂസിനോട് പറഞ്ഞു.
ബജറ്റ് പ്രസംഗത്തിനു തൊട്ടുപിറകെ മന്ത്രി തോമസ് ഐസക്ക് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചപ്പോഴാണ് എല്ലാവരുടേയും ശ്രദ്ധ സ്‌നേഹയിലെത്തിയത്. അടുക്കളയില്‍ സ്്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്‌നേഹയുടെ കവിതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി കുറിച്ചു.
സ്‌കൂള്‍ തല മത്സരങ്ങളില്‍ കവിതാ രചനയില്‍ സ്‌കൂളിന്റെ സ്ഥിരം പ്രതിനിധിയായി പങ്കെടുക്കുന്ന സ്‌നേഹയുടെ കവിതകള്‍ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലൊന്നും ഇതു വരെ അച്ചടിച്ചു വന്നിട്ടില്ല. തന്റെ കവിത ഉള്‍പ്പെടുന്ന പുസ്തകങ്ങളും ഇറങ്ങിയിട്ടില്ലെന്ന് സ്‌നേഹ പറയുന്നു. എന്നിട്ടും തന്റെ കവിത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതില്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഈ കവിത അന്ന് മാര്‍ക്കിട്ട ജഡ്ജിമാരില്‍ ഒരാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ പേര്‍ അഭിന്ദിക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ മറ്റൊരിടത്തും ഇതു പ്രസിദ്ധീകരിച്ചിട്ടില്ല-സ്‌നേഹ പറഞ്ഞു. പുല്ലുവായില്‍കുന്ന് ജി.എല്‍.പി സ്‌കൂള്‍ അധ്യാപിക ഷീബയാണ് അമ്മ. അച്ഛന്‍ പ്രദീപ് പൊതുമരാമത്ത് കോണ്‍ട്രാക്ടറാണ്.
ബജറ്റിലെ സ്‌നേഹയുടെ
കവിതയെ കുറിച്ചുള്ള പരാമര്‍ശം
കുടുംബങ്ങളിലെ കാണാപ്പണിയടക്കം വിലമതിക്കാനാവാത്ത അധ്വാനമാണ് സ്ത്രീകളുടെ ജീവിതം. സര്‍, ഒരു സ്‌കൂള്‍ കലോത്സവത്തില്‍ കവിതാ രചനയ്ക്ക് അടുക്കള എന്ന വിഷയം ലഭിച്ചപ്പോള്‍ പുലാപ്പറ്റ സ്‌കൂളിലെ പത്താം ക്ലാസുകാരിയായ എന്‍.പി സ്‌നേഹ എഴുതി.
കെമിസ്ട്രി സാറാണ് പറഞ്ഞത്
അടുക്കള ഒരു ലാബാണെന്ന്
പരീക്ഷിച്ചു നിരീക്ഷിച്ചു നിന്നപ്പോഴാണ് കണ്ടത്്
വെളുപ്പിനുണര്‍ന്ന്
പുകഞ്ഞ് പുകഞ്ഞ്
തനിയെ സ്റ്റാര്‍ട്ടാകുന്ന
ഒരു മെഷീന്‍
അവിടെയെന്നും
സോഡിയം ക്ലോറൈഡ് ലായനി
ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്ന് !






