ന്യൂദല്‍ഹി- ദല്‍ഹി ഹൈക്കോടതി 2005 ല്‍ അവസാനിപ്പിച്ച പ്രമാദമായ ബോഫോഴ്‌സ് ആയുധ കുംഭകോണക്കേസുമായി സി.ബി.ഐ വീണ്ടും കോടതിയില്‍. 64 കോടി രൂപയുടെ അഴിമതി ആരോപിക്കപ്പെട്ട കേസില്‍ ഹിന്ദുജ സഹോദരങ്ങള്‍ ഉള്‍പ്പെടെ എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സി.ബി.ഐ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. ഹൈക്കോടതി വിധിക്കെതിരെ നല്‍കുന്ന അപ്പീല്‍ തള്ളിപ്പോകാന്‍ സാധ്യതയുണ്ടെന്ന നിയമവിദഗ്ധരുടെ ഉപദേശം തള്ളിക്കൊണ്ടാണ് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രിം കോടതിയെ സമീപിക്കുന്നതിനോട് നേരത്തെ അറ്റോര്‍ണി ജനറല്‍ കെ. കെ. വേണുഗോപാല്‍ വിയോജിച്ചിരുന്നു.ഹ
ഹൈക്കോടതി വിധി ചോദ്യം ചെയ്യാന്‍ വിവാദ ആയുധ കരാറുമായി ബന്ധപ്പെട്ട ശക്തമായ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. ഈ കേസുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് സി.ബി.ഐ നേരത്തെ ഈ ആയുധ കരാര്‍ പരിശോധിക്കുന്ന പാര്‍ലമെന്റ് സിമിതിയെ അറിയിച്ചിരുന്നു.
നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ബി.ജെ.പി നേതാവ് അജയ് അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ചീഫ് ജസറ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ പരിഗണനയിലുണ്ട്.






