മലപ്പുറം-മുസ്‌ലിം ലീഗിന്റെ പോഷക സംഘടനകളായ യൂത്ത് ലീഗിലും എം.എസ്.എഫിലും ഭാരവാഹിത്വത്തിൽ വനിതകൾക്ക് പ്രാതിനിധ്യം ഉറപ്പാക്കാൻ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനമായതായി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള അഡ്വ.പി.എം.എ സലാം പറഞ്ഞു. പോഷക സംഘടനകളിൽ 20 ശതമാനം പ്രാതിനിധ്യം വനിതകൾക്ക് ഉറപ്പുവരുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും നേതൃയോഗം ചേരും. വാർഡ് കമ്മിറ്റി നേതാക്കളുമായി ജില്ല,സംസ്ഥാന നേതാക്കൾ ചർച്ച നടത്തും. സംഘടനാ നയരൂപീകരണത്തിന് നിയോഗിച്ച ഉപസമിതിയുടെ നയരേഖ ഭേദഗതികളോടെ യോഗം അംഗീകരിച്ചതായി പി.എം.എ സലാം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ 12 മണ്ഡലങ്ങളിലുണ്ടായ പരാജയം പഠിക്കാൻ രണ്ടംഗ കമ്മിറ്റിയെ നിയോഗിച്ചു. ഒരു എം.എൽ.എയും സംസ്ഥാന സമിതിയുടെ ഒരംഗവും ഉൾപ്പെടുന്നതാകും ഈ കമ്മിറ്റി. മാധ്യമങ്ങളോട് സംസാരിക്കാൻ പാർട്ടിക്ക് കേന്ദ്രീകൃത സംവിധാനമൊരുക്കും.
കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ന്യുനതകളുണ്ടെങ്കിൽ ആ പാർട്ടിയുടെ നേതൃത്വം സജീവമായി ചർച്ച ചെയ്ത് പരിഹരിക്കണം. കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ മുസ്്‌ലിം ലീഗിന് അതൃപ്തിയില്ലെന്നും യു.ഡി.എഫ് ശക്തിപ്പെടുത്താൻ മുസ്്‌ലിം ലീഗിന്റെ ഭാഗത്തു നിന്ന് എല്ലാ പ്രവർത്തനങ്ങളും ഉണ്ടാകുമൈന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ മഞ്ചേരിയിൽ നടന്ന സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിക്ക് പുറമെ പി.കെ.കുഞ്ഞാലികുട്ടി,കെ.പി.എ മജീദ്,ഡോ.എം.കെ.മുനീർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.






