പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊല്ലാന്‍ കാരണം മറ്റൊരു ബന്ധമെന്ന് പ്രതി, യുവജന കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം- പാലായില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
യുവജനങ്ങള്‍ക്ക് ഇടയിലെ ഇത്തരം പ്രവണതകളെ ഗൗരവമായാണ് കാണുന്നതെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം പറഞ്ഞു.
ഒരാളെ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തിരിക്കുന്നതും വ്യക്തിപരമായ കാര്യങ്ങളാണ്. പ്രണയ നൈരാശ്യം കൊലപാതകത്തിലേക്ക് നയിക്കുന്നത് അത്യന്തം അപകടകരമാണ്. ഇത്തരം പ്രവണതകളെ തടയുന്നതിന് സംസ്ഥാന വ്യാപകമായി കാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും നിലവില്‍ സംഘടിപ്പിച്ച് വരുന്ന കാമ്പയിനുകള്‍ കോളേജുകളിലേക്കും സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്നും ഡോ. ചിന്താ ജെറോം പറഞ്ഞു.
പാലാ സെന്റ് തോമസ് കോളജിലാണ് നിഥിനയെന്ന പെണ്‍കുട്ടിയെ  കഴുത്തറുത്ത് കൊലപ്പെടുത്തിയത്. നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്നും അതിന്റെ ചിത്രങ്ങള്‍ ഫോണില്‍ കണ്ടതാണ് ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പ്രതി അഭിഷേക് പോലീസിനോട് പറ!ഞ്ഞു.
രണ്ടു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു.  രാവിലെ പതിനൊന്നോടെയായിരുന്നു കൊലപാതകം.  ഫുഡ് പ്രോസസിങ് ടെക്‌നോളജി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണു കൊല്ലപ്പെട്ട നിഥിനയും പ്രതി അഭിഷേക് ബൈജുവും.
വെള്ളിയാഴ്ച, സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് എത്തിയതാണ് ഇരുവരും. ഉച്ചയ്ക്ക് പരീക്ഷ അവസാനിച്ചതിനു പിന്നാലെ അഭിഷേക് നിഥിനയെ പേപ്പര്‍ കട്ടര്‍ കൊണ്ടു കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.  ആയുധം കൊണ്ടുവന്നത് സ്വയം കൈമുറിച്ച് നിഥിനയെ ഭയപ്പെടുത്താനാണെന്നും കൊല്ലണമെന്ന് ഉദ്ദേശിച്ചില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു.

 

Latest News