Sorry, you need to enable JavaScript to visit this website.

മഅ്ദനിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി; ജാമ്യത്തില്‍ ഇളവില്ല

ന്യൂദല്‍ഹി- ജാമ്യത്തില്‍ ഇളവ് നല്‍കണമെന്നും സ്വന്തം നാടായ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീം കോടതി തള്ളി. 2008ലെ ബെംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത മഅ്ദനിക്ക് 2014 ജൂലൈ 11നാണ് ബെംഗളുരു വിട്ടുപോകരുതെന്ന് കര്‍ശന ഉപാധിയോടെ ജാമ്യം അനുവദിച്ചത്. ഈ ഉപാധിയില്‍ ഇളവ് തേടിയാണ് മഅ്ദനി വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. 

ജസ്റ്റിസുമാരായ എസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബെഞ്ചാണ് മഅ്ദനിയുടെ ആവശ്യം തള്ളിയത്. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആണ് മഅ്ദനിക്കു വേണ്ടി ഹാജരായത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഭൂഷണ്‍ കോടതി മുമ്പാകെ ചൂണ്ടിക്കാട്ടിയത്. മഅ്ദനിയുടെ ആരോഗ്യ, ശാരീരിക പ്രശ്‌നങ്ങളും കേരളത്തില്‍ ലഭ്യമായ ആയുര്‍വേദ ചികിത്സ വേണമെന്ന ആവശ്യവുമായിരന്നു ആദ്യത്തേത്. ബെംഗളുരുവില്‍ അനാവശ്യമായി വാടക നല്‍കേണ്ടി വരുന്നു. അദ്ദേഹത്തിന്റെ പിതാവ് പൂര്‍ണമായും കിടപ്പിലാണ്. കേസ് നടപടി നേരിടുന്നതിനിടെ മാതാവ് മരിച്ചതും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. മാതാവിന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിച്ച് സ്ുപ്രീം കോടതി മഅ്ദനിയോട് കനിവ് കാട്ടിയിരുന്നുവെന്നും ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രശാന്ത് ഭൂഷണ്‍ ജാമ്യത്തില്‍ ഇളവിനായി വാദിച്ചത്. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഹര്‍ജിയെ ശക്തമായി എതിര്‍ത്തു. ബാബരി മസ്ജിദ് തകര്‍ത്തതു തൊട്ട് മഅ്ദനി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിയായിരുന്നുവെന്നും കേരളത്തില്‍ 24 കേസുകളുണ്ടെന്നും കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.

നാലുവര്‍ഷം ജുഡീഷ്യല്‍ കസ്റ്റഡി പൂര്‍ത്തിയാക്കി എന്നു ചൂണ്ടിക്കാട്ടിയാണ് 2014ല്‍ മഅ്ദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ നാലു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും 2014ല്‍ കര്‍ണാടക അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ വിചാരണ കോടതിയില്‍ ഈ കേസ് ഒച്ചിഴയും വേഗത്തിലാണ് പോകുന്നതെന്നും വിചാരണ നിരവധി തവണ പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നീട്ടി കൊണ്ടു പോകുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
 

Latest News