മദീന - നഗരത്തിലെ അലി ബിന്‍ അബീതാലിബ് റോഡിലെ സിഗ്നലില്‍ കഴിഞ്ഞ ദിവസം അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ അന്വേഷണ വിധേയമായി പത്തു ദിവസത്തേക്ക് അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സിഗ്നലില്‍ നിര്‍ത്തിയിട്ട കാറുകളില്‍ ഇടിച്ച് നാലു പേര് മരണപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിനു തൊട്ടു മുമ്പ് ഖുറൈദ ചെക്ക് പോസ്റ്റില്‍ നിര്‍ത്താതെ ഡ്രൈവര്‍ കരുതിക്കൂട്ടി ലോറിയുമായി കടക്കുകയായിരുന്നു.
ക്രഷര്‍ യൂനിറ്റില്‍ നിന്ന് ലോഡ് വഹിച്ച് സഞ്ചരിക്കുന്നതിനിടെ ടിപ്പറില്‍ നിന്ന് മെറ്റലുകള്‍ റോഡില്‍ ചിതറി തെറിച്ചിരുന്നു. ക്രഷര്‍ യൂനിറ്റില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ ദൂരെയാണ് അപകടം നടന്ന സിഗ്നല്‍. മെറ്റലുകള്‍ റോഡിലേക്ക് പതിക്കുന്ന ടിപ്പറിനെ കുറിച്ച് സുരക്ഷാ വകുപ്പുകള്‍ക്കും ട്രാഫിക് പോലീസുകാര്‍ക്കും വിവരം ലഭിച്ചിരുന്നു. എന്നാല്‍ നിര്‍ത്താനുള്ള ട്രാഫിക് പോലീസുകാരുടെ നിര്‍ദേശം അവഗണിച്ച ഡ്രൈവര്‍ സിഗ്നല്‍ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു. ഇവിടെ വെച്ച് നിയന്ത്രണം വിട്ട് ടിപ്പര്‍ കാറുകളില്‍ ഇടിക്കുകയായിരുന്നു. ടിപ്പറിലെ ബ്രെയ്ക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു.






