കാറിലെ ഇന്ധനം തീര്‍ന്നു; പണം പിരിക്കാന്‍ പുതിയ തന്ത്രം, സ്ത്രീയും പുരുഷനും അറസ്റ്റില്‍

ബുറൈദ - ദീര്‍ഘദൂര യാത്രക്കാരായ തങ്ങളുടെ കാറില്‍ ഇന്ധനം തീര്‍ന്നെന്നും ഇന്ധനം നിറക്കാന്‍ പണമില്ലെന്നും അറിയിച്ച് അനുകമ്പ തേടി ഭിക്ഷാടനത്തിലേര്‍പ്പെട്ട രണ്ടംഗ സംഘത്തെ അല്‍ബദായിഇല്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി അല്‍ഖസീം പോലീസ് വക്താവ് ലെഫ്. കേണല്‍ ബദ്ര്‍ അല്‍സുബഹൈബാനി അറിയിച്ചു. അമ്പതിനടുത്ത് പ്രായമുള്ള വനിതയും പുരുഷനുമാണ് പിടിയിലായത്. ഇരുവരും യെമനികളാണ്.
ഭിക്ഷാടനത്തിന് പുതിയ തന്ത്രം പയറ്റിയ സംഘം അല്‍ബദായിഇല്‍ നിരവധി പേരില്‍ നിന്ന് സമാന രീതിയില്‍ പണം കൈക്കലാക്കിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് സുരക്ഷാ വകുപ്പുകള്‍ ഇരുവരെയും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് വക്താവ് പറഞ്ഞു.

 

 

Latest News