പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ;കാമുകനായിരുന്ന ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം- കിളിമാനൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആംബുലന്‍സ് ജീവനക്കാരന്‍ അറസ്റ്റില്‍. കിളിമാനൂര്‍ വാലഞ്ചേരി കണ്ണയംകോട് വി.എസ് മന്‍സിലില്‍ ഷാജഹാന്‍- സബീന ദമ്പതികളുടെ മകള്‍ അല്‍ഫിയയാണ് മരിച്ചത്.
കിളിമാനൂര്‍ സ്വദേശി ജിഷ്ണവാണ് അറസ്റ്റിലായത്. ജിഷ്ണു പ്രണയ ബന്ധത്തില്‍നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറയുന്നു. ആത്മഹത്യാ പ്രേരണക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
എലി വിഷം കഴിച്ചതായി അല്‍ഫിയ ജിഷ്ണുവിനെ അറിയിച്ചിരുന്നു. വിഷം കഴിച്ച് നാല് ദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചത്. അവശനിലയിലായ അല്‍ഫിയയെ ആശുപത്രിയിലെത്തിച്ചതിന് ശേഷം വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ പരിശോധിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി വിഷം കഴിച്ച വിവരം അറിയുന്നത്.
വിഷം കഴിച്ച വിവരം പെണ്‍കുട്ടി വാട്‌സ് ആപ്പിലൂടെ ജിഷ്ണുവിനെ അറിയിച്ചെങ്കിലും ഗൗരവത്തിലെടുത്തിരുന്നില്ല. വിവരം മാതാപിതാക്കളെ അറിയിക്കാന്‍ പോലും ജിഷ്ണു തയ്യാറായില്ല. വിഷം കഴിച്ച ശേഷമുള്ള നാല് ദിവസത്തിനിടെ പെണ്‍കുട്ടി സ്‌കൂളില്‍ പരീക്ഷയെഴുതാന്‍ പോയിരുന്നു. ബുധനാഴ്ച്ചയാണ് അല്‍ഫിയ അവശ നിലയിലയിലായതും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.

 

Latest News