ന്യൂദൽഹി- ബന്ധു നിയമന വിവാദത്തിലെ ലോകായുക്ത വിധി സ്‌റ്റേ ചെയ്യണമെന്ന മുൻ മന്ത്രി ഡോ. കെ.ടി ജലീലിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. അപേക്ഷകൾ ക്ഷണിക്കാതെ ബന്ധുവിനെ നിയമിച്ചത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രീം കോടതി കണ്ടെത്തി. നിയമനത്തിൽ സാധാരണ നിലക്കുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കോടതി വ്യക്തമാക്കി. ഇതോടെ ലോകായുക്ത വിധിക്കെതിരെ നൽകിയ ഹരജി ജലീൽ പിൻവലിച്ചു. സംസ്ഥാന പിന്നോക്ക വികസന കോർപ്പറേഷനിൽ ബന്ധു അദീബിനെ നിയമിച്ചത് കടുത്ത നിയമലംഘനമാണെന്ന് നേരത്തെ ലോകായുക്ത കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ജലീൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയും കൈവിട്ടത് ജലീലിന് കനത്ത തിരിച്ചടിയാണ്.






