കെ.എസ്.ആര്‍.ടി.സിക്ക് ആയിരം കോടി; കിഫ്ബി വഴി കൂടുതല്‍ ബസുകള്‍ വാങ്ങും

തിരുവനന്തപുരം- സാമ്പത്തിക പ്രതിസന്ധിയി നേരിടുന്ന കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ 1000 കോടി രൂപ ഉപാധിരഹിത സഹായം നല്‍കുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ കുടിശിക മാര്‍ച്ചില്‍ പൂര്‍ണമായും കൊടുത്തു തീര്‍ക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.
ഇതിനകം 1507 കോടി രൂപ കെ.എസ്.ആര്‍.ടി.സിക്ക് നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍ കൊടുത്താല്‍ മാത്രം കെ.എസ്.ആര്‍.ടി.യുടെ പ്രതിസന്ധി തീരില്ല. ഉടന്‍ തന്നെ 3500 കോടി രൂപ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കും. പെന്‍ഷനു വേണ്ടി എടുക്കുന്ന വായ്പ ആറ് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടക്കും. സ്വയംപര്യാപ്തമാകുന്നതിന് വേണ്ടി കെ.എസ്.ആര്‍.ടി.സിയെ മൂന്ന് ലാഭകേന്ദ്രങ്ങളാക്കും. വരവും ചെലവും തമ്മിലുള്ള അന്തരം ഇല്ലാതായി കമ്പനി ലാഭത്തിലാവുന്നത് വരെ ഈ സംവിധാനം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച 1000 ബസുകള്‍ ഉടന്‍ നിരത്തിലിറങ്ങും. കിഫ്ബി വഴി പണം നല്‍കി വരുന്ന വര്‍ഷം 2000 ബസുകള്‍ കൂടി വാങ്ങും.
 

Latest News