ഉംറക്ക് 70 ൽ കൂടുതൽ പ്രായമുള്ളവർക്കും അനുമതി

മക്ക - എഴുപതിലേറെ പ്രായമുള്ളവർക്കും ഉംറ അനുമതി നൽകാൻ ഹജ്, ഉംറ മന്ത്രാലയത്തിന്റെ തീരുമാനം. തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി എഴുപതിൽ കൂടുതൽ പ്രായമുള്ളവർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ പെർമിറ്റുകൾ ലഭിക്കാൻ എഴുപതിൽ കൂടുതൽ പ്രായമുള്ളവർ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ടെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 
കോവിഡ് മഹാമാരി വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തുടക്കത്തിൽ പതിനെട്ടു മുതൽ എഴുപതു വരെ വയസ്സ് പ്രായമുള്ളവർക്കു മാത്രമാണ് ഉംറ പെർമിറ്റുകൾ അനുവദിച്ചിരുന്നത്. വാക്‌സിൻ സ്വീകരിച്ചാൽ പോലും എഴുപതിൽ കൂടുതൽ പ്രായമുള്ളവർക്ക് ഉംറ പെർമിറ്റുകൾ അനുവദിച്ചിരുന്നില്ല. അടുത്തിടെ പന്ത്രണ്ടു മുതൽ പതിനെട്ടു വരെ പ്രായവിഭാഗത്തിൽ പെട്ടവർക്കും ഉംറ നിർവഹിക്കാനും വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും പെർമിറ്റുകൾ അനുവദിക്കാൻ തുടങ്ങി. ഇവർ രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇതിനു പിന്നാലെയാണ് 70 ൽ കൂടുതൽ പ്രായമുള്ളവർക്കും ഉംറ പെർമിറ്റുകൾ ഹജ്, ഉംറ മന്ത്രാലയം അനുവദിക്കാൻ തുടങ്ങിയത്. 

Latest News