ഇടുക്കി- പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ബന്ധുവിനെ അറസ്റ്റുചെയ്തു. അണക്കര സ്വദേശിനിയായ 17കാരിയെയാണ് തട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചത്. സംഭവത്തില്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ തമിഴ്‌നാട് ഉത്തമപാളയം കോളജ്നഗര്‍ ശിവ(33)യാണ് പിടിയിലായത്.
ജൂലൈ ഏഴിനാണ് പെണ്‍കുട്ടിയുമായി ഇയാള്‍ അണക്കരയില്‍ നിന്നും കടന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വണ്ടന്‍മേട് പോലീസില്‍ പരാതി നല്‍കി. നാളുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പ്രതി പെണ്‍കുട്ടിക്കൊപ്പം വേളാങ്കണ്ണിയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് വേഷംമാറി അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പെണ്‍കുട്ടി ഗര്‍ഭിണിയായതിനാല്‍ പ്രതിക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്റെ നേതൃത്വത്തില്‍ എസ്എച്ച്ഒ നവാസ്, എസ്‌ഐ സജിമോന്‍ ജോസഫ്, എഎസ്‌ഐ ബേസില്‍ പി. ഐസക്, എസ്. സുബൈര്‍, സിപിഒ ടോണി ജോണ്‍, വി.കെ. അനീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.






