ന്യൂദല്‍ഹി- ഇരയെ നേരിട്ട് സ്പര്‍ശിച്ചില്ലെങ്കില്‍ പ്രതിക്കെതിരെ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്ന ബോംബെ ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളില്‍ സുപ്രീം കോടതി വിധി മാറ്റിവെച്ചു. ഹരജിക്കാരുടെ വാദങ്ങള്‍ കേട്ട ജസ്റ്റിസ് യു.യു. ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. മൂന്ന് ദിവസത്തിനകം വാദങ്ങള്‍ സമര്‍പ്പിക്കാമെന്നും അതുവരെ ഉത്തരവ് മാറ്റിവെക്കുകയാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരാണ് മറ്റു ജഡ്ജിമാര്‍.
അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ വാദങ്ങള്‍ സമര്‍പ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കി. ബോംബെ ഹൈക്കോടതി വിധി അപകടകരമായ കീഴ് വഴക്കമുണ്ടാക്കുമെന്നാണ് വേണുഗോപാല്‍ നേരത്തെ വാദിച്ചിരുന്നത്. അറ്റോര്‍ണി ജനറലിനു പുറമെ, ദേശീയ വനിതാ കമ്മീഷന്റേയും അപ്പീല്‍ സുപ്രീം കോടതി പരിഗണിച്ചിരുന്നു.
പ്രായപൂര്‍ത്തിയകാത്ത പെണ്‍കുട്ടിയുടെ മാറിടം വസ്ത്രത്തിനുമുകളിലാണ് തൊട്ടതെന്ന് ചൂണ്ടിക്കാട്ടി പ്രതിക്കെതിരെ പോക്‌സോ ഒഴിവാക്കിയ ഹൈക്കോടതി വിധി ജനുവരി 27ന് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു. നേരിട്ട് സ്പര്‍ശിക്കാത്ത സംഭവങ്ങള്‍ ലൈംഗിക അതിക്രമമായി കാണാനാവില്ലെന്നാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല രണ്ട് ഉത്തരവുകളിലായി വ്യക്തമാക്കിയിരുന്നത്.






