ട്വിറ്ററില്‍ ടാഗോട് ടാഗിങ്; താന്‍ മുന്‍മുഖ്യമന്ത്രി അല്ലെന്ന് ഇന്ത്യയുടെ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങ്

ന്യൂദല്‍ഹി- പഞ്ചാബിലെ കോണ്‍ഗ്രസ് കലഹത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ സംബന്ധിച്ച വാര്‍ത്തകള്‍ക്കൊപ്പം ട്വിറ്റില്‍ മാധ്യമ സ്ഥാപനങ്ങളും മാധ്യമ പ്രവര്‍ത്തകരുമെല്ലാം ടാഗ് ചെയ്തത് മറ്റൊരു അമരീന്ദര്‍ സിങിനെ. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഗോള്‍കീപ്പറായ അമരീന്ദര്‍ സിങിനെയാണ് എല്ലാവരും ടാഗ് ചെയ്തത്. ഇതോടെ പൊറുതി മുട്ടിയ ദേശീയ താരം താനല്ല പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയെന്നും ടാഗ് ചെയ്യാതെ തന്നെ വെറുതെ വിടണമെന്നും ട്വീറ്റിലൂടെ തന്നെ അഭ്യര്‍ത്ഥിച്ച് രംഗത്തെത്തി. ഈ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ട ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഇത് റിട്വീറ്റ് ചെയ്തു. യുവസുഹൃത്തിന്റെ പ്രയാസം മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ ക്യാപ്റ്റന്‍ താരത്തിന്റെ ഭാവി കളികള്‍ക്ക് ആശംസ നേരുകയും ചെയ്തു. 

ഐഎസ്എല്ലില്‍ എടികെ മോഹന്‍ ബഗാനു വേണ്ടി കളിക്കുന്ന താരത്തിന്റെ അക്കൗണ്ടും മുന്‍മുഖ്യമന്ത്രിയുടെ അക്കൗണ്ടും സമാനമായതാണ് വിനയായത്. രണ്ടും വെരിഫൈഡ് അക്കൗണ്ടുകളാണ്. രണ്ടു പേരും പഞ്ചാബുകാരുമാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍ എന്നാണ് മുന്‍മുഖ്യമന്ത്രിയുടെ അക്കൗണ്ട് നാമം. ടാഗ് ചെയ്തവരുടെ അശ്രദ്ധയാണ് അബദ്ധത്തിനു കാരണം.

Latest News