Sorry, you need to enable JavaScript to visit this website.

മമ്മിക്കുള്ളിലെ മുഖങ്ങൾ

2000 ലേറെ വർഷം മുമ്പ് പുരാതന ഈജിപ്തിൽ ജീവിച്ചിരുന്ന മൂന്ന് പേരുടെ മുഖങ്ങൾ 3 ഡിയിൽ നിർമിച്ച് അമേരിക്കയിലെ ഗവേഷകർ. ഈജിപ്തിലെ മമ്മികളിൽനിന്നുള്ള ഡി.എൻ.എ ഡാറ്റയാണ് ഇതിനായി ഉപയോഗിച്ചത്. കയ്‌റോക്ക് തെക്കുള്ള പുരാതന ഈജിപ്ഷ്യൻ പട്ടണമായ അബുസിർ അൽ മലിക്കിൽനിന്നുള്ളതാണ് മമ്മികൾ. ബി.സി 1380 നും എ.ഡി 425 നുമിടയിൽ സംസ്‌കരിച്ചതാണ് ഈ മൃതദേഹങ്ങളെന്ന് ലൈഫ് സയൻസ് റിപ്പോർട്ടിൽ പറയുന്നു. 
2017 ൽ ജർമനിയിലെ മാക്്‌സ് പ്ലാൻക് ഇൻസ്റ്റിറ്റിയൂട്ട് ഫോർ ദ സയൻസ് ഓഫ് ഹ്യൂമൻ ഹിസ്റ്ററിയിലെ ഗവേഷകരാണ് ആദ്യമായി ഈജിപ്ഷ്യൻ മമ്മിയിൽനിന്ന് ഡി.എൻ.എ ശൃംഖല വിജയകരമായി രൂപപ്പെടുത്തിയത്. 
മമ്മികളിലെ മുഖങ്ങളുടെ ത്രിമാന ചിത്രം നിർമിക്കുന്നതിന് ഈ ജനിതക ഡാറ്റയാണ് വിർജീനിയയിലെ റെസ്റ്റണിലുള്ള ഡി.എൻ.എ ടെക്‌നോളജി കമ്പനി ഉപയോഗിച്ചതെന്ന് പാരാബോൺ നാനോലാബിലെ ഗവേഷകർ വെളിപ്പെടുത്തി.
ഫോറൻസിക് ഡി.എൻ.എ ഫിനോടൈപ്പിംഗ് എന്ന പ്രക്രിയയിലൂടെയാണ് വിദഗ്ധർ മമ്മി മുഖങ്ങൾ നിർമിച്ചത്. മുഖത്തിന്റെ ഫീച്ചറുകളും വ്യക്തികളുടെ ശാരീരിക പ്രകൃതിയും പുനർനിർമിക്കുന്നതിന് ജനിതക വിശകലനം പ്രയോജനപ്പെടുത്തുന്ന പ്രക്രിയയാണിത്. ഫ്‌ളോറിഡയിലെ ഒർലാൻഡോയിൽ ഹ്യൂമൻ ഐഡന്റിഫിക്കേഷൻ അന്താരാഷ്ട്ര സിംപോസിയത്തിലാണ് മമ്മികകളുടെ മുഖങ്ങൾ പാരാബോൺ ആദ്യമായി പ്രദർശിപ്പിച്ചത്. പുരുഷന്മാരുടെ തൊലിയുടെ നിറമടക്കമുള്ള കാര്യങ്ങൾ പ്രവചിക്കുന്നതിനാണ് സ്‌നാപ്‌ഷോട്ട് എന്നുകൂടി അറിയപ്പെടുന്ന ഫിനോടൈപിംഗ് രീതി ശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്. 
നിലവിൽ സിറിയ, ലെബനോൻ, ഇസ്രായിൽ, ജോർദാൻ, ഇറാഖ് എന്നീ രാഷ്ട്രങ്ങൾ ഉൾപ്പെടുന്ന കിഴക്കൻ മെഡിറ്ററേനയനിലെ ജനങ്ങളോടാണ് ജനിതകമായി പുരാതന ജനതയുടെ സാമ്യമെന്ന് കണ്ടുപിടിത്തങ്ങൾ വ്യക്തമാക്കുന്നു. ആധുനിക ഈജിപ്തിൽ ജീവിക്കുന്നവരേക്കാൾ മേൽപറഞ്ഞ രാജ്യങ്ങളിലെ ആളുകളോടാണ് സാമ്യം. 

Latest News